1. പ്രതി, 2. എഐ ചിത്രം
ഒപ്പമുണ്ടായിരുന്ന ഒരു വയസ് മാത്രമുള്ള കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം, ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിക്കടുത്തുള്ള തേവലക്കരയിലാണ് സംഭവം.
തേവലക്കര പാലക്കൽ ഊപ്പൻ വിളയിൽ ഫൈസൽ എന്ന് വിളിക്കുന്ന സാലിഹിനെയാണ് (26) കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് അടുത്ത് താമസിക്കുന്ന ആന്ധ്രാ സ്വദേശിനിയെയാണ് സാലിഹ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.
റെയിൽവേ കരാർ തൊഴിലാളികൾ കഴിയുന്ന ടെന്‍റി ലിരിക്കുകയായിരുന്നു യുവതി. ഓടിയെത്തിയ പ്രതി യുവതിയുടെ കൈയ്യിലിരുന്ന ഒരു വയസുള്ള കുട്ടിയെ ആദ്യം തറയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം യുവതിയെ കടന്നുപിടിച്ചു യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ സാലിഹ് ഇറങ്ങിയോടി . യുവതിയുടെ ഭർത്താവ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഷമീർ, ആഷിക്, അജി ജോസ്, എസ്.സി.പി.ഒ. ഹാഷിം, ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.