ജുവലറിയിലെത്തുന്ന കസ്റ്റമേഴ്സിനെയും സ്ഥാപനത്തെയും കബളിപ്പിച്ച് സ്വര്‍ണം അടിച്ചുമാറ്റുന്ന ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ആലംകോടാണ് സംഭവം. തൃശൂർ പുത്തൂർ പൊന്നുക്കര സ്വദേശി സിജോ ഫ്രാൻസിസ് (41) ആണ് അറസ്റ്റിലായത്. സംശയത്തെ തുടര്‍ന്നുള്ള പരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തി.
തുടർന്ന് ഫ്രാൻസിസ് താമസിച്ചിരുന്ന മുറിയിൽ പൊലീസെത്തി പരിശോധന നടത്തി. അവിടെ നിന്ന് 5 ഗ്രാമോളം സ്വർണം കണ്ടെത്തി. സിജോ ഫ്രാൻസിസ് ഏറെ നാളുകളായി ജുവലറിയിലെത്തുന്ന കസ്റ്റമേഴ്സിനെ കബളിപ്പിച്ചും, സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷ്ടിച്ചും വരികയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ജീവനക്കാരന്‍ തന്നെ ജുവലറിയിൽ മോഷണം നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ, സബ് ഇൻസ്പെക്ടർ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഫ്രാൻസിസിനെ റിമാൻഡ് ചെയ്തു.