ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ മുൻ അസി. എൻജിനിയർക്ക് 10 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജ്. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിലെ ബീമാപള്ളി വാർഡിലെ പ്രവൃത്തിയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് മുൻ അസി. എൻജിനിയർ സി.ശിശുപാലന് 10 വർഷം കഠിനതടവ് ലഭിച്ചത്.
2017-18 കാലയളവില്‍ ഇന്റർലോക്ക് പാകിയതിന്റെ 4.22 ലക്ഷം രൂപയുടെ ബിൽ പാസാക്കാനായിരുന്നു 15,000 രൂപ കൈക്കൂലിയായി ചോദിച്ചത്. 5,000 രൂപ കൈക്കൂലിയുടെ ആദ്യഗഡുവായി വാങ്ങി. ബാക്കി 10,000 രൂപ വാങ്ങുന്നതിനിടെ കൈയോടെ ശിശുപാലനെ വിജിലൻസ് പിടികൂടുകയായിരുന്നു.
പത്തുവർഷത്തെ തടവ് ലഭിച്ചത് വിവിധ വകുപ്പുകളിലായാണ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശനാണ് വിജിലൻസിനുവേണ്ടി കോടതിയില്‍ ഹാജരായത്.