താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോ. വിപിന് വെട്ടേറ്റ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. സനൂപ് വടിവാള്‍ വെച്ച ബാഗും കൊണ്ട് ആശുപത്രിയിലെത്തുന്നതിന്റെയും, അയാളെ ആശുപത്രി ജീവനക്കാര്‍ പിടിച്ചുനിര്‍ത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വടിവാള്‍ സ്‌കൂള്‍ ബാഗില്‍ വെച്ചാണ് സനൂപ് ആശുപത്രിയിലേക്കെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കയറിയത്. തുടർന്നായിരുന്നു അപ്രതീക്ഷിത ആക്രമണം. മുറിയിലേക്ക് ഓടിയെത്തിയ ജീവനക്കാരാണ് ഇയാളെ പിടിച്ചുമാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. എന്‍റെ മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഓഗസ്റ്റിലാണ് സനൂപിന്റെ ഒന്‍പതു വയസുകാരി മകള്‍ മരിച്ചത്.
അതേസമയം, ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പ്രതി സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംഭീസ പറഞ്ഞു. ആശുപത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സൂപ്രണ്ട് ഗോപാലകൃഷ്ണൻ ആരോപിച്ചു. പ്രതി സനൂപിനെ റിമാന്‍ഡ് ചെയ്തു.
ഡോ. വിപിന് വെട്ടേറ്റതോടെ ഭീതിജനകമായ അന്തരീക്ഷത്തിലാണ് ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്നത്. ഇത് തുടരാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. KGMOA ക്ക് പുറമെ IMA യും കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷനും പ്രതിഷേധത്തിന്റെ ഭാഗമായി.
മകളുടെ മരണ ശേഷം സനൂപിന് വിഷാദ രോഗമായിരുന്നു എന്ന് ഭാര്യ രംഭീസ പറഞ്ഞു. എങ്കിലും പ്രതികരിച്ച രീതി ശരിയായില്ല. നിയമപരമായ മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകണമായിരുന്നു. ഡോക്ടർക്കെതിരായ അക്രമണത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ. തന്നെ സ്ഥലം മാറ്റാനും നീക്കം നടക്കുന്നു. പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ വിപിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.