1. പ്രതി, 2 എഐ ഇമേജ് (പ്രതീകാത്മക ചിത്രം)
തൃത്തല്ലൂർ വെസ്റ്റ് ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചത് ക്ഷേത്രം ശാന്തി തന്നെ. സംഭവത്തിൽ കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണുവിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയാണ് പ്രതിയെ ഏങ്ങണ്ടിയൂരിൽ നിന്ന് പിടികൂടിയത്. 21.72 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരി ദേവിയുടെ തിരുവാഭരണങ്ങളായ വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോട് കൂടിയ സ്വർണ്ണമാലയാണ് മോഷ്ടിച്ചത്. ദുർഗാദേവിയുടെ വിഗ്രഹത്തിലെ താലിയോട് കൂടിയ സ്വർണ്ണമാലയും, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ സ്വർണ്ണമാലയും ഉൾപ്പെടെ പ്രതി കവർന്നിട്ടുണ്ട്. മയക്കു മരുന്ന് കച്ചവടം ഉൾപ്പടെ ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ് ക്ഷേത്രം ശാന്തി.
ക്ഷേത്രത്തിലെ സെക്രട്ടറിയുടെ പരാതിയിൽ വാടാനപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ റൂറൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.