യുപിയിൽ സ്ത്രീധനം കുറഞ്ഞ് പോയതിന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങൾ പുറത്ത്. വിപിൻ ഭാട്ടിയെന്ന യുവാവാണ് ഭാര്യ നിക്കിയെ തീയിട്ട് കൊന്നത്. വിപിൻ തന്നെ മർദിച്ച് അവശയാക്കിയെന്ന് കാട്ടി 2024 ഒക്ടോബറിൽ പരാതിയുമായി മറ്റൊരു സ്ത്രീ രംഗത്തെത്തിയിരുന്നുവെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
വിപിനെതിരെ ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. നിക്കിയുമായുള്ള കല്ല്യാണത്തിന് ശേഷം വിപിൻ പരാതിക്കാരിയായ ഈ യുവതിയുമായി രഹസ്യ ബന്ധത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിക്കിയും സഹോദരിയും വിപിന്റെ ഈ ബന്ധം അറിഞ്ഞതോടെയാണ് പ്രശ്നം രൂക്ഷമായത്. തുടർന്നുള്ള വാക്കുതർക്കത്തിനിടെയാണ് വിപിൻ യുവതിയെ മർദ്ദിച്ചതും, യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതും.
28 വയസുള്ള നിക്കിയെമകന്റെ മുന്നിലിട്ടാണ് വിപിൻ തീകൊളുത്തി കൊന്നത്. ആഗസ്റ്റ് 21നായിരുന്നു ക്രൂരമായ ആ കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിപിനും അമ്മ ദയയും ചേർന്ന് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് നിക്കിയെ തീകൊളുത്തി കൊന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ചയാണ് നിക്കി മരിച്ചത്. വിപിനും അമ്മ ദയയും പൊലീസ് കസ്റ്റഡിയിലാണ്.
വിപിൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ, പൊലീസ് പിടികൂടിയിരുന്നു. കാലിന് പൊലീസിന്റെ വെടിയേറ്റ വിപിൻ ഇപ്പോൾ ചികിത്സയിലാണ്.