സ്വവർ​ഗാനുരാ​ഗികളായ പുരുഷന്മാരെ ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തിരുവനന്തപുരം ജില്ലയില്‍ തട്ടിപ്പിനിരയാക്കിയത് നൂറോളം യുവാക്കളെ. സ്വവർ​ഗാനുരാ​ഗിയായ വെഞ്ഞാറമൂട് സ്വദേശിക്ക് നഷ്ടമായത് ദേഹത്ത് കിടന്ന മൂന്ന് പവൻ സ്വർണാഭരണമാണ്. ഇതിന്‍റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒട്ടേറെപ്പേര്‍ വലയില്‍ വീണിട്ടുണ്ടെന്ന് വ്യക്തമായത്. നാണക്കേട് ഭയന്നാണ് പലരും പരാതി നൽകാത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചിതറ കൊല്ലായിൽ സ്വദേശി സുധീർ(24), മടത്തറ സത്യമംഗലം സ്വദേശി മുഹമ്മദ് സൽമാൻ(19), പോരേടം സ്വദേശി ആഷിക് (19), ചിതറ കൊല്ലായിൽ സ്വദേശി സജിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവാക്കളെ ഡേറ്റിങ് ആപ്പിൽ എത്തിച്ചാണ് പണവും സ്വര്‍ണവും തട്ടുന്നത്. യുവാക്കൾക്ക് പ്രതികൾ തങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുത്തശേഷമാണ് സ്വവര്‍ഗ രതിക്കായി വിളിക്കാറ്. ആളൊഴിഞ്ഞ ഭാഗത്ത് കാറിൽ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അപരിചിതരെപ്പോലെ എത്തുന്ന മറ്റ് കൂട്ടാളികള്‍ കാറിൽ കയറി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടും. കൈയ്യിൽ ആഭരണള്‍ ഇല്ലാത്തവരിൽ നിന്ന് ഗൂഗിൾ പേ വഴിയാണ് പണം ഒപ്പിക്കുന്നത്. കടം വാങ്ങിയായാലും പണം എത്തിച്ചില്ലെങ്കില്‍, ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തും. രണ്ടുമാസംകൊണ്ട് ഇവര്‍ ഇത്തരത്തില്‍ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് വിവരം.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വവർ​ഗാനുരാ​ഗിയായ വെഞ്ഞാറമൂട് സ്വദേശി ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തത്. അന്നേദിവസം രാത്രിയിൽ ലൈം​ഗിക ബന്ധത്തിലേർപ്പെടാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വെഞ്ഞാറമൂടിനടുത്തെ മുക്കുന്നൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഒന്നും രണ്ടും പ്രതികളുമായി കാറിൽ വെച്ച് സ്വവർഗ്ഗരതിയിൽ ഏർപ്പെട്ടു. 

ആ സമയം, അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ വെഞ്ഞാറമൂട് സ്വദേശിയെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി  പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു. 

അടുത്ത ദിവസമാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.  തട്ടിക്കൊണ്ട് പോയി പണം കവർന്നു എന്ന് മാത്രം പറഞ്ഞ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിംഗ് ആപ്പിന്റെ കഥ പുറത്തായത്. തുടർന്ന് പൊലീസ് വെള്ളിയാഴ്ച കേസിലെ നാലാം പ്രതിയെ കുളത്തൂപ്പുഴയിൽ നിന്ന് പൊക്കുകയായിരുന്നു.  

മറ്റു പ്രതികൾ എറണാകുളത്തേക്ക് കടക്കവെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആലപ്പുഴ പൊലീസിന് കൈമാറുകയും ആലപ്പുഴ പുന്നപ്ര വെച്ച് ഹൈവേ പൊലീസ് പ്രതികളെ ക്‌സറ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ആലപ്പുഴയെത്തി വെഞ്ഞാറമൂട് പൊലീസ് പ്രതികളെ ഏറ്റുവാങ്ങി സ്‌റ്റേഷനിലെത്തിച്ച്  അറസ്റ്റ് രേഖപ്പെടുത്തി കോടതിയിയിൽ ഹാജരാക്കി.

കവർച്ച ചെയ്‌തെടുത്ത സ്വർണം കേസിലെ ഒന്നാം പ്രതി സുധീർ കൊല്ലം ജില്ലയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നേകാൽ ലക്ഷത്തിന് പണയം വച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് സമ്പാദിച്ചതെന്ന് പൊലിസ് പറയുന്നു. ഈ തുക സുധീറിന്റെ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.  

ENGLISH SUMMARY:

Gay dating app blackmail is on the rise in Thiruvananthapuram, Kerala, with a gang extorting money from gay men they meet on dating apps. Police have arrested four individuals involved in the scam, which has affected over a hundred victims.