സര്‍ക്കാര്‍ ജീവനക്കാരനായും, പൊലീസ് ഉദ്യോഗസ്ഥനായുമൊക്കെ വേഷം മാറിയുള്ള തട്ടിപ്പുകള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും അവയുടെയെല്ലാം ഒരു ഭീകര വെര്‍ഷനാണ് നോയിഡയില്‍ അരങ്ങേറിയത്. ഒരു വ്യാജ അന്വേഷണ ഏജന്‍സി തന്നെ ആരംഭിച്ചുകൊണ്ടായിരുന്നു ആറംഗ സംഘത്തിന്‍റെ തട്ടിപ്പ്. ഇന്റർനാഷണൽ പോലീസ് ആന്‍ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിൽ വ്യാജ ഓഫീസ് നടത്തി സർക്കാർ ഉദ്യോഗസ്ഥരെന്ന് നടിച്ച് വ്യാജരേഖകളും തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് പണം തട്ടുകയും ചെയ്ത ആറ് പേരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥരെന്ന് നടിച്ച് ഒരു വെബ് സൈറ്റ് വഴിയായിരുന്നു ഈ സംഘം കൈക്കൂലി സ്വീകരിച്ചിരുന്നത്. ഓഫീസിനും അവിടത്തെ ഉദ്യോഗസ്ഥര്‍ക്കും ആധികാരികതയുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
നോയിഡയിലെ ഫേസ് 3 പ്രദേശത്താണ് സംഘം വ്യാജ ഓഫീസ് സ്ഥാപിച്ചത്. ഇന്റർനാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയിലെ അംഗങ്ങളാണെന്ന് ഇവർ സ്വയം പരിചയപ്പെടുത്തി. വ്യാജരേഖകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ, പോലീസ് യൂണിഫോമിനോട് സാമ്യമുള്ള ബാഡ്ജുകൾ എന്നിവ ഉപയോഗിച്ച് അവർ തട്ടിപ്പിന് വിശ്വാസ്യത വരുത്തി.
പക്ഷേ തട്ടിപ്പ് സംഘത്തിന്‍റെ വിവരങ്ങള്‍ അധികം താമസിയാതെ തന്നെ പൊലീസിന്‍റെ പക്കലെത്തി. റെയ്ഡിൽ ഓഫീസിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ, പാസ്ബുക്കുകൾ,ഔദ്യോഗിക രേഖകൾക്ക് സമാനമായ പേപ്പറുകൾ, ചെക്ക് ബുക്കുകൾ എന്നിവ 'ശരിക്കും' പൊലീസ് പിടിച്ചെടുത്തു. ഇവ കൂടാതെ വ്യാജ സീലുകളും ലെറ്റർഹെഡുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി.
അന്താരാഷ്ട്ര തലത്തിലുള്ള ഒരു അന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നാണ് പ്രതികൾ ജനങ്ങളോട് പറഞ്ഞിരുന്നത്. അടുത്തിടെ ഗാസിയാബാദിൽ പിടിക്കപ്പെട്ട വ്യാജ എംബസിയുമായി ഈ തട്ടിപ്പ് സംഘത്തിന് സാമ്യമുള്ളതായി പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ ആറ് പേരും പശ്ചിമബംഗാള്‍ സ്വദേശികളാണ്.