വിവിധ ജില്ലകളില്‍ നിന്ന്, സംസ്ഥാനങ്ങളില്‍ നിന്ന്, രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലെത്തി വലിയ സൗഹൃദ സംഘങ്ങളായി വളര്‍ന്ന നിരവധിപേര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഒരു അദ്ഭുത നഗരമാണ് കൊച്ചി. ഓരോ മിനിറ്റിലും നൂറ് നൂറ് കൂട്ടുകെട്ടുകള്‍ പിറക്കുന്ന കൊച്ചിയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്ന കൂട്ടുകെട്ടിന്‍റെ ഒരു അസല്‍ കഥ പറയാം.
പഠിക്കാനെത്തി കൂട്ടുകൂടി വളര്‍ന്ന ആ സൗഹൃദം എത്തി നില്‍ക്കുന്നത് തടവറയിലാണ്. പഠിപ്പും ജോലിയും വേണ്ടെന്ന് വെച്ച് ലഹരിക്കടത്ത് ഉപജീവനമാക്കിയ ഒരു കൂട്ടം യുവാക്കളുടെ കഥ. അനുകരിക്കാന്‍ പാടില്ലാത്ത സൗഹൃദം. അവര്‍ ആറുപേരാണ്. പാലക്കാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ സ്വദേശികളാണ്. അവരെ ചേര്‍ത്തുവെച്ചതാകട്ടെ കൊച്ചി. പഠിക്കാനായി കൊച്ചിയിലെ വിവിധ കോളജുകളില്‍ തുരുത്തുകളായി നിന്നിരുന്ന അവരെ ചേര്‍ത്തുവെച്ചത് ലഹരിയാണ്. കഞ്ചാവിന്‍റെ പുകയില്‍ ഉടലെടുത്ത സൗഹൃദമങ്ങനെ സംസ്ഥാനങ്ങള്‍ കടന്നും വളര്‍ന്നു. ലഹരിതലയ്ക്ക്പിടിച്ച് പഠനം പാതിവഴിയിലുപേക്ഷിച്ചു.
ലഹരിക്കും ജീവിക്കാനും ആവശ്യത്തിലധികം പണം വേണ്ടിവന്നതോടെ അവര്‍ ലഹരിവില്‍പ്പന തുടങ്ങി. ചെറിയ തോതില്‍ തുടങ്ങി ലാഭം മൂന്നിരട്ടിവരെ ലഭിച്ചതോടെ കച്ചവടം വിപുലമാക്കി. ഇടനിലക്കാരെ ഒഴിവാക്കി കഞ്ചാവ് കര്‍ഷകരുമായി നേരിട്ട് ഡീലുറപ്പിച്ചു. അങ്ങനെ അവര്‍ കേരളത്തില്‍ ലഹരിമാഫിയയുടെ കണ്ണികളായി. പല നാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നൊക്കെയാണ് പറച്ചില്‍. എന്നാല്‍ ഈ സംഘത്തിലെ പലരും പലതവണ എക്സൈസിന്‍റെയും പൊലീസിന്‍റെയും പിടിയിലായി.
എന്നിട്ടും ലഹരിക്കടത്തില്‍ നിന്ന് പിന്‍മാറിയില്ല. ലഹരിക്കടത്ത് തുടര്‍ന്ന സംഘത്തെ എക്സൈസ് നോട്ടമിട്ടിട്ട് നാളേറെയായി. ആ ജാഗ്രതയില്‍ സംഘത്തിലെ മൂന്നുപേര്‍ കുരുക്കിലായി. മണ്ണാര്‍കാട് സ്വദേശികളായ റിസ്വാന്‍, റിയാസ് എന്നിവര്‍ കൊച്ചിയിലും ഇവരുടെ ഉറ്റ സുഹൃത്ത് സി.പി. അരുണിനെ പാലക്കാടും എക്സൈസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരില്‍ നിന്നായി പന്ത്രണ്ടര കിലോ കഞ്ചാവാണ് പിടികൂടിയത്. സംഘത്തിലെ മൂന്നുപേര്‍ ഒളിവിലാണ് ഇവര്‍ക്കായുള്ള അന്വേഷണം ഊർജിതം. സംഘത്തിലെ ആറ് പേര്‍ക്കും വയസില്‍ 27ല്‍ താഴെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഹരിവില്‍പ്പനയുണ്ടെന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
ഒഡീഷയില്‍ മാവോയിസ്റ്റ് മേഖലയിലെ കഞ്ചാവ് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് സംഘം കഞ്ചാവ് വാങ്ങുന്നത്. സംഘത്തിലെ മൂന്ന് പേര്‍ക്കാണ് കഞ്ചാവ് ശേഖരിക്കാനുള്ള ഉത്തരവാദിത്വം. ഒഡീഷയിലെത്തി കൃഷിക്കാരുമായി ഡീലുറപ്പിച്ച് ട്രെയിനില്‍ കഞ്ചാവ് കടത്തും. ഒറ്റ ട്രിപ്പില്‍ കടത്തുന്നത് മുപ്പത് മുതല്‍ അമ്പത് കിലോ കഞ്ചാവ്. അത് നേരിട്ട് കേരളത്തിലെത്തിക്കില്ല. ബെംഗളൂരുവിലാണ് കഞ്ചാവ് ശേഖരിക്കുന്നത്. ജലഹള്ളിയിലെ സുഹൃത്തിന്‍റെ അപ്പാർട്ട്മെന്റിൽ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് പിന്നീട് കേരളത്തിലേക്ക് ഷട്ടില്‍ സര്‍വീസിലൂടെ കടത്തും. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന് എയര്‍ബസാണ് പ്രധാന മാര്‍ഗം.
മലപ്പുറം തിരൂര്‍ താണല്ലൂര്‍ സ്വദേശി അരുണ്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വാളയാറില്‍ അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട യാസ് ബസില്‍ നിന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചത് ഏഴ് കിലോ കഞ്ചാവ്. അരുണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍കാട് സ്വദേശികളായ റിസ്വാന്‍, റിയാസ് എന്നിവര്‍ കൊച്ചിയില്‍ പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട എയര്‍ബസിലായിരുന്നു റിസ്വാന്‍റെയും റിയാസിന്‍റെയും ലഹരിക്കടത്ത്. രാവിലെ ആറ് മണിയോടെ ബസ് കളമശ്ശേരിയിലെത്തിയപ്പോള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. അഭിരാജിന്‍റെ നേതൃത്വത്തിന്‍റെ വളഞ്ഞു. റിസ്വാന്‍ നേരത്തെ തന്നെ എക്സൈസിന്‍റെ നോട്ടപ്പുള്ളിയാണ്. ഒരു മാസം മുന്‍പ് കഞ്ചാവ് കൈവശംവെച്ചതിന് റിസ്വാനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചെറിയ അളവായതുകൊണ്ട് അന്ന് ജാമ്യംകിട്ടി. എന്നാല്‍ ഇത്തവണ പുറത്തിറങ്ങാന്‍ സമയമെടുക്കും. ആഡംബര ജീവിതം നയിക്കുക തന്നെയായിരുന്നു ആറുപേരുടെയും ലക്ഷ്യം. സംഘത്തിലെ മൂന്നുപേര്‍ ബെംഗളൂരുവില്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്.