തിരുവനന്തപുരം പെരുങ്കടവിളയില്‍ പൊലീസുകാരന്‍ മദ്യപിച്ച് കാറോടിച്ച്,  ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചു. അപകടമുണ്ടാക്കിയത് പൊലീസ് ട്രയിനിങ് കോളജിലെ ഡ്രൈവറും കൂട്ടുകാരും സഞ്ചരിച്ച കാറെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. എന്നാല്‍ കാറോടിച്ചയാളെ അറിയില്ലെന്ന പേരില്‍ പൊലീസുകാരെ രക്ഷിക്കാനാണ് പൊലീസിന്‍റെ നീക്കം. അപകടമുണ്ടാക്കിയ കാറില്‍ നിന്ന് പൊലീസിന്‍റെ സ്റ്റിക്കര്‍ ഇളക്കി മാറ്റിയും അട്ടിമറി നീക്കം.

രണ്ട് ദിവസം മുന്‍പ്, ഞായറാഴ്ച വൈകിട്ടാണ് പൊലീസുകാരന്‍ ഓടിക്കുകയും സുഹൃത്തുക്കളായ പൊലീസുകാര്‍ യാത്ര ചെയ്യുകയും ചെയ്ത കാര്‍ അപകട പരമ്പര തീര്‍ത്തത്. കാറും ഓട്ടോയും ബൈക്കുമടക്കം മൂന്ന് വാഹനങ്ങളിലിടിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന നെയ്യാറ്റിന്‍കര തെള്ളുകുഴി സ്വദേശികളും ദമ്പതികളുമായ സജീവിനെയും ആതിരയെയുമാണ് ഇടിച്ച് തെറിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ കഴിയുന്ന സജീവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചതാണ് അപകടകാരണം. ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്ത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കാതെ ഓടിരക്ഷപെടാനാണ് കാറിലുള്ളവര്‍ ശ്രമിച്ചത്. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതോടെയാണ് കാറിലുള്ളത് പൊലീസുകാരെന്ന് മനസിലായത്. കാരണം വണ്ടിയോടിച്ച പൊലീസുകാരന്‍റെ ഭാര്യാവീട് ആ നാട്ടില്‍ തന്നെയാണ്. 

എന്നാല്‍ പിന്നീട് നടന്നത് സര്‍വത്ര അട്ടിമറി നീക്കം. അപകട സ്ഥലത്ത് കിടക്കുന്ന വണ്ടിയില്‍ പൊലീസ് ട്രയിനിങ് കോളജിന്‍റെ സ്റ്റിക്കറുണ്ട്. അത് മാരായമുട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയപ്പോള്‍ സ്റ്റിക്കര്‍ കീറിമാറ്റി. വണ്ടിയോടിച്ചത് ആരാണെന്ന് അറിയില്ലെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. വണ്ടിയിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ രണ്ട് ദിവസമായി ഒരു നടപടിയും പൊലീസെടുത്തിട്ടില്ല.