തൃശൂർ അരിമ്പൂരിൽ അനാഥ മന്ദിരത്തിൽ മരിച്ച തോമസിന്റെ മൃതദേഹം വീടിനകത്ത് കയറ്റാതെ മകനും മരുമകളും. മകന്റെയും മരുമകളുടെയും ഉപദ്രവത്തെ തുടർന്ന് തോമസും ഭാര്യയും മാസങ്ങളായി അനാഥ മന്ദിരത്തിൽ ആയിരുന്നു. ഇന്നലെ രാവിലെയായിരുന്നു കൈപ്പിള്ളി സ്വദേശി തോമസ് മരിച്ചത് . 

പോറ്റി വളർത്തിയ മകൻ കൈവെടിഞ്ഞപ്പോൾ അനാഥനായ ജീവിക്കേണ്ടിവന്ന തോമസ് മരിക്കുമ്പോഴും അനാഥനായി മണ്ണിനോട് വിട പറഞ്ഞു. ഒറ്റയ്ക്കായി പോയത് ഭാര്യ റോസിലിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് തോമസ് മരിക്കുന്നത്. എന്നാൽ മൃതദേഹം വീടിനുള്ളിൽ കയറ്റാൻ മകനും മരുമകളും തയ്യാറായില്ല. ഇരുവരും വീടുപൂട്ടി പോയി. മരുമകളുടെയും മകന്റെയും ഉപദ്രവത്തെ തുടർന്ന് തോമസും ഭാര്യ റോസിലിയും മാസങ്ങളായി അനാഥാലയത്തിൽ ആയിരുന്നു. 

വീട്ടിൽ തോമസിന്റെ മൃതദേഹം പൊതുദർശനത്തിനായി വെക്കുന്ന കാര്യം ചോദിക്കാൻ നാട്ടുകാരും ബന്ധുക്കളും എത്തിയെങ്കിലും മകൻ സമ്മതിച്ചില്ലെന്ന് നാട്ടുകാരൻ പറയുന്നു. 

ഭാര്യ റോസിലിയും മകളും മണിക്കൂറോളം വീട്ടുമുറ്റത്ത് മൃതദേഹവുമായി ഇരുന്നു. എന്നാൽ മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വൈകുന്നേരത്തോടെ ഇടവക ദേവാലയത്തിൽ സംസ്കാരം നടന്നു.