AI Generated Image
രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ തേടിയിരുന്ന സൈബര്‍ തട്ടിപ്പ് സംഘത്തെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. എം പരിവാഹൻ ആപ്പിന്റെ പേരില്‍ രാജ്യവ്യാപക തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന സൈബര്‍തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് വലയിലായത്. പ്രതികളെ കണ്ടെത്താന്‍ വിവിധ പോലീസ് ഏജൻസികൾ മാസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കൊച്ചി സൈബര്‍ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം തേടിയെങ്കിലും സഹകരിക്കാന്‍ തയാറായില്ല. പ്രതികളുടെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ട്രാക്ക് ചെയ്ത് അതിസാഹസികമായിട്ടായിരുന്നു അറസ്റ്റ്.
തട്ടിപ്പ് ഇങ്ങനെ
നിങ്ങള്‍ ട്രാഫിക് നിയമലംഘനം നടത്തിയതിന് പിഴയൊടുക്കണമെന്ന സന്ദേശം വാട്സാപ്പില്‍ വരുന്നതാണ് തുടക്കം. പിഴ അടക്കുന്നതിലേക്ക് എംവിഡിയുടെ ലോഗോയ്ക്കൊപ്പം mparivahan എന്ന പ്രതികളുടെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ അയച്ചു നൽകും. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നമ്മള് പെട്ടു. നമ്മുടെ ഫോണിന്റെ നിയന്ത്രണം പിന്നീട് തട്ടിപ്പുകാരുടെ കയ്യിലാണ്. ഇൻസ്റ്റാൾ ചെയ്തവരിൽ Two - Factor - Authentication - സജ്ജമാക്കാത്ത ആളുകളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെടുത്താണ് അടുത്ത ഇരകൾക്ക് മെസേജ് അയക്കുന്നതും ഇൻസ്റ്റന്റ് ഡെലിവറിയുള്ള ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉപയോഗിച്ചിരുന്നതും. ഇരകളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചു തന്നെയാണ് സംഘം തട്ടിപ്പ് തുടര്‍ന്നിരുന്നത്. ഇതാണ് പൊലീസ് അന്വേഷണം ദുഷ്കരമാക്കിയത്.
കേരളത്തില്‍ ഇരകള്‍ 575
കൊച്ചി സിറ്റിയില്‍ സമാനമായി പണം നഷ്ടപ്പെട്ട 96 പേരാണ് പരാതി നല്‍കിയത്. സമാനമായ കേസുകൾ സംസ്ഥാനത്ത് ഉടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്നതായി മനസിലാക്കിയ കൊച്ചി സിറ്റി കമ്മിഷണര്‍ പുട്ട വിമലാദിത്യ അന്വേഷണത്തിന് മുന്‍കയ്യെടുത്തു. സംസ്ഥാനത്തുടനീളം 575 പേര്‍ക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഇതോടെ കമ്മിഷണര്‍ സൈബര്‍ മാഫിയയെ പൂട്ടാന്‍ ഡിസിപി ജുവനപ്പടി മഹേഷിന് അന്വേഷണചുമതല കൈമാറി. സൈബർ ക്രൈംസ് എസിപി സുൽഫിക്കർ അവർകളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ഐപി വിലാസവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ യുപിയിലാണെന്ന് ഉറപ്പിച്ചത്. വാരണാസിയില്‍ പ്രതികളുണ്ടെന്ന് ഉറപ്പിച്ച സൈബര്‍ പൊലീസ് കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് വാങ്ങിയാണ് ഉത്തര്‍ പ്രദേശിലേക്ക് പുറപ്പെട്ടത്.
പ്രതികള്‍ വലയില്‍
ഉത്തർപ്രദേശിലെ വാരണാസിയിലെത്തി ലോക്കൽ പോലീസിന്റെ സഹായം പൊലീസ് തേടിയെങ്കിലും സഹകരിക്കാന്‍ തയാറായില്ല. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതിന് ശേഷമാണ് പേരിനെങ്കിലും സഹായിക്കാന്‍ യുപി പൊലീസ് തയാറായത്. അതുൽ കുമാർ സിങ്ങ് (32), മനീഷ് സിങ്ങ് (24) എന്നിവരെയാണ് സാഹസികമായി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മൂന്നാം പ്രതിയ്ക്ക് പതിനാറ് വയസുമാത്രമാണ് പ്രായം. സൈബർ ഇൻസ്പെക്ടർ ഷമീർഖാൻ, SCPOമാരായ അരുൺ ആർ, അജിത്ത് രാജ് പി, നിഖിൽ ജോർജ്, CPO മാരായ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. രാജ്യമാകെ കോടികളുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. വലിയ തുക ക്രിപ്റ്റോ കറന്‍സിയിലും നിക്ഷേപിച്ചിട്ടുണ്ട്.
അതിശയിപ്പിക്കും തട്ടിപ്പ്
പ്രതികളുടെ മൊബൈല്‍ അടക്കമുള്ളവയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഞെട്ടി. ആയിരകണക്കിന് വാഹനങ്ങളുടെ വിവരങ്ങളാണ് പ്രതികളുടെ കയ്യിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിലായി ശേഖരിച്ച 2700ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോൺ നമ്പർ വിവരങ്ങളും ഇവരില്‍ നിന്ന് കണ്ടെത്തി. കേരളം, കർണ്ണാടക, ഗുജറാത്ത്, തമിഴ്നാട്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ mparivahan ആപ്ലിക്കേഷൻ വഴി പ്രതികൾ ശേഖരിച്ച വിവിധ വ്യക്തികളുടെ ഫോണിന്റെയും UPI PIN നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇത് കൂടാതെ ഹണി ട്രാപ്പ്, KYC Updation തുടങ്ങിയ തട്ടിപ്പുകൾ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും പ്രതികള്‍ സജ്ജമാക്കിവെച്ചിരുന്നു.
ജാഗ്രത അനിവാര്യം
ട്രാഫിക്ക് നിയമലംഘനങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു കാരണവശാലും വാട്സാപ്പിലൂടെ അയക്കാറില്ലെന്നത് എല്ലാവരും ഓര്‍ക്കുക. അങ്ങനെയുള്ള മെസേജുകള്‍ ലഭിച്ചാല്‍ അത് ശുദ്ധ തട്ടിപ്പാണെന്ന് ആദ്യം തന്നെ മനസിലാക്കുക. അങ്ങനെ അയച്ചു ലഭിക്കുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള എല്ലാ അക്കൗണ്ടുകൾക്കും Two Factor/ Multi Factor Authentication സുരക്ഷ ഉറപ്പാക്കുക. ഈ സുരക്ഷ തട്ടിപ്പുകളെ തടയാൻ സഹായിക്കും. ഏതെങ്കിലും വിധത്തിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇര ആയാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി നല്‍കുക.