കൊച്ചി എളംകുളത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു വന്‍ ലഹരിമാഫിയ സംഘത്തെ സിറ്റി പൊലീസ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ . യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വസന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്‍റെ ഫ്ലാറ്റിലെ താമസം. കോഴിക്കോട് സ്വദേശികളായ എസ്.കെ. ദിയ, പങ്കാളി അബു ഷാമില്‍, സുഹൃത്തുക്കളായ മലപ്പുറം സ്വദേശികള്‍ ഷാമില്‍, ഫിജാസ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ടേണിങ് പോയിന്‍റ്

കൊച്ചിയില്‍ ലഹരിസംഘങ്ങള്‍ സജീവമാകുന്നത് രാത്രിയിലാണെന്ന് അന്വേഷണ സംഘത്തിന് കൃത്യമായറിയാം. എവിടെ എപ്പോള്‍ എന്ന് കണ്ടെത്തുകയാണ് പ്രയാസം. ഇന്‍റലിജന്‍സ് ശേഖരിച്ച് രൂപവും ഭാവവും മാറി രാപ്പകല്‍ പണിയെടുത്താണ് ഓരോ ലഹരിവിതരണക്കാരനെയും അന്വേഷണ സംഘങ്ങള്‍ പൂട്ടുന്നത്. സിറ്റി ഡാന്‍സാഫിന്‍റെ അങ്ങനെയൊരു ദൗത്യമായിരുന്നു എളംകുളത്തേതും. ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ ഡാന്‍സാഫ് സംഘം എളംകുളം മെട്രോ സ്റ്റേഷന്‍ പരിസരത്തെത്തുന്നത്. സംശയം തോന്നുന്ന ആളുകളെ നിരീക്ഷിച്ച് സ്ഥലത്ത് തുടര്‍ന്ന സംഘത്തിന് മുന്നിലേക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ നടന്നുവരുന്നു. പന്തിയല്ലെന്ന് മനസിലാക്കിയ ഡാന്‍സാഫിലെ ഉദ്യോഗസ്ഥര്‍ ഇരുവരെയും സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ഇരുവരെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത യുവാക്കള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. കലിപ്പ് മോഡിലേക്കുള്ള യുവാക്കളുടെ ഭാവമാറ്റം ലഹരിയുടെ സാന്നിധ്യംകൊണ്ടാണെന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥര്‍ ഇവരുടെ താമസസ്ഥലം പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതാണ് അന്വേഷണത്തിലെ ടേണിങ് പോയിന്‍റ്. 

​അടിമുടി ദുരൂഹം 

എളംകുളം മെട്രോ സ്റ്റേഷന് സമീപത്തെ ഈസ് ലാന്‍ഡ എന്‍ക്ലേവെന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നാണ് രണ്ട് യുവാക്കളും ഇറങ്ങി റോഡിലേക്ക് എത്തിയത്. ഇത് പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. എവിടെയാണ് താമസം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് യുവാക്കള്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല തര്‍ക്കിക്കുകയും ചെയ്തു. പഴക്കം ചെന്ന കെട്ടിടം കണ്ടാല്‍ പ്രേതാലയമെന്നു തോന്നിപ്പോകും. ദുരൂഹതയുടെ ഇരുട്ട് ആ കെട്ടിടമാകെ പടര്‍ന്നുകിടപ്പുണ്ട്. തരിവെട്ടമില്ല. ചുറ്റിതിരിഞ്ഞുള്ള കോവണിപ്പടികള്‍ ഒരുവശത്ത്. മറുവശത്ത് കഷ്ടിച്ചു കയറാവുന്ന സ്റ്റെപ്പുകള്‍. സെറ്റപ്പ് തന്നെ അടിമുടി ദുരൂഹം. 

ഫ്ലാറ്റിലെ അജ്ഞാതര്‍

ഒറ്റനോട്ടത്തില്‍ കെട്ടിടത്തില്‍ താമസക്കാരെ ഇല്ലെന്നേ തോന്നൂ. അത്രയും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം. യുവാക്കളുമായി ഉദ്യോഗസ്ഥര്‍ സ്റ്റെപ്പിലൂടെ കെട്ടിടത്തിലേക്ക്. താഴെയുള്ള ഫ്ലാറ്റിലെ താമസക്കാരോട് തിരക്കിയെങ്കിലും ആര്‍ക്കും യുവാക്കളെ അറിയില്ല. മുകളിലേക്ക് കയറുന്നതിനിടെ ഫ്ലാറ്റിലെ താമസക്കാരായ ഒന്ന് രണ്ട് യുവതികളെ കണ്ടു. അവരോട് ചോദിച്ചപ്പോളും യുവാക്കളെ അറിയില്ല. അങ്ങനെ യുവാക്കളുമായി ഡാന്‍സാഫ് ടീം രണ്ടാം നിലയിലെത്തി. കയറി ചെല്ലുമ്പോള്‍ വലതു ഭാഗത്ത് ഫ്ലാറ്റ് നമ്പര്‍ 201. വഴിയില്‍  നിന്ന് പിടികൂടിയ രണ്ട് യുവാക്കളും മലപ്പുറം സ്വദേശികളാണ്. ഒരാള്‍ പെരിന്തല്‍മണ്ണക്കാരന്‍ ഷാമില്‍, രണ്ടാമന്‍ ഫിജാസ് മുഹമ്മദ്. 201 ആം നമ്പര്‍ മുറിക്ക് മുന്നില്‍ ഇരുവരെയും നിര്‍ത്തി മഫ്തിയിലായിരുന്ന പൊലീസുകാര്‍ വാതിലില്‍ മുട്ടി, കോളിങ് ബെല്ലും അടിച്ചു. താമസിയാതെ രണ്ട് പേര്‍ വന്ന് വാതില്‍ തുറന്നു. ഒരു യുവതിയും യുവാവും. ഈ യുവാക്കളെ പരിചയമുണ്ടോ എന്ന് ചോദ്യം, ആദ്യം ഉണ്ടെന്നും പിന്നീട് ഇല്ലെന്നും മറുപടി. ഇതോടെ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ബലപ്പെട്ടു. 

തെളിവ് ശുചിമുറിയില്‍ 

നര്‍കോട്ടിക്സ് എസിപി അബ്ദുല്‍ സലാമും ഈ സമയം സ്ഥലത്ത് എത്തിയിരുന്നു. ഇരുട്ടില്‍ നിന്ന് മുന്നോട്ടുവന്ന എസിപിയുടെ യൂണിഫോം കണ്ടതോടെ വാതിലടക്കാന്‍ യുവതിയുടെയും യുവാവിന്‍റെയും ശ്രമം. ഈ നീക്കം മുന്‍കൂട്ടികണ്ട് പൊലീസുകാര്‍ വാതില്‍ അകത്തേക്ക് തള്ളി. സെക്കന്‍ഡുകള്‍ നീണ്ട ബലപ്രയോഗത്തിനൊടുവില്‍ പൊലീസുകാര്‍ ഫ്ലാറ്റിനകത്തേക്ക് കയറി. ഈ സമയം വാതിലിന് പുറകില്‍ നിന്ന് ഓടിയ യുവതിയും യുവാവും മേശപ്പുറത്തു നിന്ന് ചില വസ്തുക്കള്‍ എടുത്ത് ശുചിമുറിയില്‍ എറിഞ്ഞു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അത് വീണ്ടെടുത്തു. 

ലിവിങ് ടുഗദര്‍ വിത്ത് ഡ്രഗ്സ്

ശുചിമുറിയിലേക്ക് വലിച്ചെറിഞ്ഞത് വെറും പൊതികളായിരുന്നില്ല. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വിലയുള്ള ലഹരിവസ്തുക്കള്‍.  115 ഗ്രാംഎംഡിഎംഎ, 80 എക്സറ്റസി പില്ലുകള്‍, രണ്ട് ഗ്രാം കഞ്ചാവ്. കോഴിക്കോട് സ്വദേശികളായ ദിയയും അബു ഷാമിലും 201ാം നമ്പര്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് എട്ട് മാസം മുന്‍പ്. രണ്ട് പേരും ലിവിങ് ടുഗദര്‍ കൂട്ടിന് ലഹരിമരുന്ന്. ലഹരിമരുന്ന് വില്‍പന മാത്രമല്ല നല്ല രീതിയിലുള്ള ഉപയോഗവും ഫ്ലാറ്റിലുണ്ടെന്ന് കണ്ട കാഴ്ചകളില്‍ നിന്ന് വ്യക്തം. കഞ്ചാവ് തരികളാക്കാനുള്ള ക്രഷര്‍. വലിക്കാനുള്ള ഫ്ലാസ്കുകള്‍ അടക്കം നിരവധി ഉപകരണങ്ങള്‍. കൂടാതെ ചെറിയ സിപ്പ് ലോക്ക് കവറുകള്‍. വൈറ്റിലയില്‍ താമസിച്ചിരുന്ന ഷാമില്‍, ഫിജാസ് മുഹമ്മദും ദിയയുടെ ഫ്ലാറ്റിലേക്ക് താമസംമാറിയത് ദിവസങ്ങള്‍ക്ക് മുന്‍പ്. അലമാരയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ രൂപയും കണ്ടെത്തി. ദിയ എംബിഎ ബിരുദധാരിയാണ്. ഷാമില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കി. ഇരുവരും കൊച്ചിയില്‍ ജോലിചെയ്യുകയാണ് ഇതിനിടയിലാണ് ലഹരിക്കച്ചവടം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. 

എക്സറ്റസി 

പിടിയിലായ സംഘത്തെ വന്‍ ലഹരിമാഫിയ സംഘത്തിന്‍റെ കണ്ണികളിലേക്ക് ചേര്‍ക്കുന്നത് പിടിച്ചെടുത്ത എക്സറ്റസി പില്‍സിന്‍റെ ശേഖരം തന്നെയാണ്. ഇന്ത്യയിലേക്കെത്തുന്ന എക്സറ്റസി പില്‍സിന്‍റെ പ്രധാന ഉറവിടം വിദേശത്തു നിന്നാണ്. ലക്ഷങ്ങള്‍ വിലയുള്ള പാര്‍ട്ടി ഡ്രഗ്. ഹൈപ്രൊഫൈല്‍ പാര്‍ട്ടികളിലെ സാന്നിധ്യം. ഇത്രയും മാരകമായ ലഹരിമരുന്ന് ഈ സംഘത്തിന്‍റെ കൈവശം എത്തിയതെങ്ങനെയെന്നാണ് പ്രധാന ചോദ്യം. വിവിധ നിറങ്ങളിലാണ് എക്സറ്റസി പില്ലുകള്‍ നിര്‍മിക്കുന്നത്. ആ നിറങ്ങള്‍ ഓരോ ഡ്രഗ് കാര്‍ട്ടലിനെയും സൂചിപ്പിക്കുന്നു. എളംകുളത്ത് പിടികൂടി എക്സറ്റസി പില്ലുകള്‍ അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ളതാണ്. ഇതിന്‍റെ വഴി തേടിയാണ് ഇനിയുള്ള അന്വേഷണം.