വിവാഹശേഷമുള്ള അത്താഴവിരുന്നിനിടെ, ഒരു കഷ്ണം ചിക്കൻ കൂടി തരണമെന്ന് ആവശ്യപ്പെട്ടതിന് 30കാരനെ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ഇന്നലെയായിരുന്നു സംഭവം. രഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് (30) കൊല്ലപ്പെട്ടത്.
അടുത്ത കൂട്ടുകാരനായ അഭിഷേക് കോപ്പഡിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി പ്ലൈറ്റിലോട്ടിടാൻ ആവശ്യപ്പെടുകയായിരുന്നു.
മാത്രമല്ല ഗ്രേവി കുറച്ച് മാത്രമാണ് തനിക്ക് വിളമ്പിയതെന്ന് വിനോദ് പരാതിപ്പെടുകയും ചെയ്തു. ഇതാണ് വിറ്റൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചത്. വിനോദും വിറ്റലും തമ്മിൽ തർക്കമുണ്ടാവുകയും കോപാകുലനായ വിറ്റൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന അടുക്കളയിലെ കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
അമിത രക്തസ്രാവം മൂലമാണ് വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്. വിറ്റലിനെതിരെ കൊലപാതകത്തിന് കേസെടത്തെന്ന് പൊലീസ് അറിയിച്ചു.