അപകടത്തില്‍ മരിച്ച അതിഥിതൊഴിലാളിയെ ആശുപത്രിയിലാക്കിയ ശേഷം തിരിഞ്ഞുനോക്കാതെ കൊച്ചി ഹില്‍പാലസ് പൊലീസിന്‍റെ കൊടുംക്രൂരത. മരിച്ചതാരെന്ന് അന്വേഷിക്കാന്‍ പോലും തയാറാകാത്ത പൊലീസ്, മൃതദേഹം എന്തുചെയ്യണമെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ കത്തിനെയും അവഗണിച്ചു. ഹില്‍പാലസ് പൊലീസിന്‍റെ മനുഷ്യത്വമില്ലാത്ത നടപടി മൂലം യുവാവിന്‍റെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍.

കഴിഞ്ഞ മാസം പത്തൊന്‍പതിനാണ് പുലര്‍ച്ചെ ഒരാള്‍ റോഡില്‍ വീണ് കിടക്കുന്നുവെന്ന വിവരം തൃപ്പൂണിത്തുറ പൊലീസിന് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസൂകാര്‍ പരുക്കേറ്റയാളെ തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതോടെ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി അന്ന് തന്നെ മരണപ്പെട്ടു. 

ഈ വിവരം അന്ന് തന്നെ ഹില്‍പാലസ് പൊലീസിനെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് പ്രതികരിക്കാതെ വന്നതോടെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് മൃതദേഹവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഐക്ക് കത്തയച്ചു. ഈ കത്തും എസ്ഐ കണ്ടില്ലെന്ന് നടിച്ചു. ഇതോടെ മൃതദേഹം ആശുപത്രി അധികൃതര്‍ അനാട്ടമി വിഭാഗത്തിലേക്ക് മാറ്റി. 

25 ദിവസം പിന്നിട്ടിട്ടും മൃതദേഹം ആരുടേതെന്ന് കണ്ടെത്താനോ ആശുപത്രി അധികൃതരെ ബന്ധപ്പെടാനോ എസ്ഐ തയാറായില്ല. പ്രശ്നമാകുമെന്ന് കണ്ടതോടെ സ്റ്റേഷനിലെ മറ്റ് പൊലീസുകാരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെയ്ക്കാന്‍ എസ്ഐ ശ്രമിച്ചതോടെ വിവാദമായി. കുരുക്കാകുമെന്ന് മനസിലാക്കിയ എസ്ഐ 25 ദിവസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ മരണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി മരണകാരണം ഉറപ്പിക്കാന്‍ ഇതുവരെ ഇടപെടലില്ല. വിഷയത്തില്‍ എസ്ഐയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ഹില്‍പാലസ് പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധവും ശക്തമാകുകയാണ്. 

ENGLISH SUMMARY:

In a shocking case of negligence, Kochi’s Hill Palace police allegedly abandoned an injured worker from Odisha at a government hospital and failed to respond even after his death the next day. Despite two official letters from the hospital superintendent, the police did not take action until the incident sparked controversy weeks later. The delayed filing of a case has invited widespread criticism over police insensitivity and procedural lapses.