ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭര്‍ത്താവിവും ഭര്‍ത്താവിന്‍റെ അച്ഛനും ഭര്‍ത്താവിന്‍റെ സഹോദരിക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

ആഹാരം തരില്ല, പട്ടിയെപ്പോലെ തല്ലി, നാട്ടില്‍ പോകാന്‍ അനുവദിക്കില്ല തുടങ്ങിയവ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആത്മഹത്യാക്കുറിപ്പില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിന്‍റെ അച്ഛന്‍ മോശമായി പെരുമാറിയെന്ന് ഭര്‍ത്താവ് നിതീഷിനോട് പറഞ്ഞിട്ടും, പ്രതികരിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നുണ്ട്. തന്നെ കല്യാണം ചെയ്തത് അയാൾക്ക് കൂ‌ടി വേണ്ടിയാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ

 ഭര്‍ത്താവ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത വിഡിയോ കണ്ടി‌ട്ട് അതുപോലെ ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അവര്‍ ഒരുപാട് ക്യാഷുള്ളവരാണ്, എന്നി‌ട്ടും എന്‍റെ സാലറിക്കായി എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. എന്‍റെ മു‌ടി വരെ വെട്ടാന്‍ അവരാണ് കാരണം. സ്വന്തം അമ്മായിഅപ്പന്‍ മോശമായി പെരുമാറിയത് വരെ ഞാന്‍ സഹിച്ചു.

എന്നാല്‍ സ്വന്തം ഭാര്യ കൂ‌ടെക്കിടക്കുന്നതിനെപ്പറ്റിവരെ മറ്റൊരു പെണ്ണിനോ‌ട് നിതീഷ് ഷെയര്‍ ചെയ്തു. എന്‍റെ ലോക്കറിന്‍റെ താക്കോല്‍ നിതീഷിന്‍റെ അച്ഛന്‍റെ കൈവശമായിരുന്നു. അത് തിരികെ വാങ്ങിയതാണ് വൈഗാര്യത്തിന്‍റെ കാരണങ്ങളിലൊന്ന്.

ഞാനും കുഞ്ഞും എന്നും ഒറ്റക്കായിരുന്നു. കല്യാണം ആഡംബരമായി ന‌ടത്തിയില്ല, സ്ത്രീധനം കുറവാണ്, കാറ് കൊടുത്തില്ല എന്നെല്ലാം പറഞ്ഞ് എന്നെ കൊല്ലാക്കല ചെയ്തു. അതൊക്കെ ഞാന്‍ സഹിച്ചു. വീ‌‌ടും പണവും ഇല്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നൊക്കെയാണ് എന്നെ വിളിച്ചത്. അതെല്ലാം ഭര്‍ത്താവിനോ‌ടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ ക്ഷമിച്ചത്.

വിപഞ്ജികയു‌ടെ മരണത്തിന് പിന്നാലെ, ഗാര്‍ഹിക, സ്ത്രീധന പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. വിദേശകാര്യ മന്ത്രാലയം, മുഖ്യമന്ത്രി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്. ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും സ്വകാര്യ കമ്പനിയിലെ എന്‍ജിനിയറായ നിതീഷും കഴിഞ്ഞ കുറച്ചു നാളായി സ്വരചേര്‍ച്ചയിലല്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രണ്ടു പേരും രണ്ടു ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്‍റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹ മോചനത്തിനു സമ്മര്‍ദം ചെലുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹ മോചനത്തിനു വിപഞ്ചികയ്ക്  താല്‍പര്യമുണ്ടായിരുന്നില്ലെന്നു അമ്മയെ അറിയിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശവും ഇവര്‍ പുറത്തു വിട്ടു.പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Shocking revelations in Vipanchika's suicide note