അമേരിക്കന്‍ മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ആള്‍മാറാട്ടം നടത്തി തട്ടിയെടുത്ത സംഭവത്തിനുപിന്നില്‍ വമ്പന്മാരുണ്ടെന്ന് പൊലീസ്. രണ്ട് സ്ത്രീകളാണ് തട്ടിപ്പിന്റെ മുഖമെങ്കിലും പിന്നില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായേക്കാം. വലിയ പിന്‍ബലമില്ലാതെ ഇത്രവലിയ തട്ടിപ്പ് നടത്താനാകില്ലെന്നതാണ് പൊലീസിന്‍റെ അനുമാനം.

ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ കോടികള്‍ വിലയുള്ള വീടാണ് തട്ടിപ്പു നടത്തി മറിച്ചുവിറ്റത്. അതിനായി വട്ടപ്പാറ സ്വദേശി വസന്ത ഡോറയായി മാറി. കൊച്ചുമകളായി കൊല്ലത്തുനിന്ന് മെറിന്‍ ജേക്കബ് എത്തി. വസന്തയ്ക്ക് ഡോറയുടെ മുഖഛായയുണ്ട്. മെറിനെ കണ്ടാല്‍ കൊച്ചുമകളായും തോന്നും. ഒറ്റനോട്ടത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ല. ഇതു തന്നെയാണ് ഒരു കൂസലുമില്ലാതെ സബ് റജിസ്ട്രാര്‍ ഓഫീസിലേക്ക് അവരെ നയിച്ചതും.

ഡോറ, വസന്ത

വീടിന്റെ യഥാര്‍ഥ ഉടമയായ ഡോറ അസറിയ ക്രിപ്സ് വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഉടമയുടെ പേര് മാറി. ചന്ദ്രസേനന്‍! ‘ശിവകൃപ’ എന്ന് വീടിന്റെ പേരും മാറ്റി. അത്യാവശ്യ മിനുക്കുപണികളും ആരംഭിച്ചുകഴി‍ഞ്ഞു. ഇതിനിടെയാണ് രണ്ടാഴ്ച മുന്‍പ് ഡോറയുടെ കാര്യസ്ഥന്‍ വീടിന്റെ കരമടയ്ക്കാനെത്തിയത്. വില്ലേജ് ഓഫിസില്‍ ഡോറയുടെ പേരിലൊരു വീടുമില്ല, പുരയിടവുമില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്.

തട്ടിപ്പിന്റെ തിരക്കഥ ഇങ്ങനെ - ജനുവരിയില്‍ കൊല്ലം സ്വദേശി മെറിന്‍ ജേക്കബ് ഡോറയുടെ വളര്‍ത്തുമകളായി രംഗത്തുവന്നു. ഡോറയായി വട്ടപ്പാറ സ്വദേശി വസന്തയും ആള്‍മാറാട്ടം നടത്തി. ഇരുവരും ഒരുമിച്ച് ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി. വീടും പറമ്പും വളര്‍ത്തുമകളായ ഡോറയുടെ പേരില്‍ എഴുതിക്കൊടുക്കുന്നതായി രേഖകളുണ്ടാക്കി. അതിനുശേഷം ഈ വീടും പറമ്പും ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിറ്റു. ഇതൊന്നുമറിയാതെ കാര്യസ്ഥന്‍ കരമടക്കാനെത്തി. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. വട്ടപ്പാറ വസന്തയും മെറിന്‍ ജേക്കബും അറസ്റ്റിലായി. ​

ഡോറയുമായി രൂപസാദ്യശ്യമുള്ള രണ്ട് സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം ചെയ്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ അനുമാനം. തട്ടിപ്പിന് സഹായിച്ച ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ തയാറാക്കിയത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇയാളെ പ്രതിചേര്‍ത്തേക്കും. മുന്നാധാരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ മണികണ്ഠനെ വീട്ടിലും സ്ഥാപനത്തിലും അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. ഒളിവില്‍ പോയെന്നാണ് നിഗമനം. റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. തെളിവുകിട്ടിയാല്‍ ഇവരെയും പ്രതിചേര്‍ക്കും.

ENGLISH SUMMARY:

In the case of an American Malayali’s house and property worth crores being fraudulently transferred through impersonation, the police suspect the involvement of influential figures. Although two women were the face of the scam, it’s believed that political leaders and officials might also be involved, as it would be impossible to execute such a large-scale fraud without their support.