പുണെയില്‍ ടെക്കിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. ഏജന്റ് യുവതിയുടെ സുഹൃത്തെന്ന് തെളിഞ്ഞു. ഫ്ലാറ്റില്‍ അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനപരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഐടി ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവ് യുവതിക്കെതിരെ പരാതി നല്‍കിയതോടെ കേസില്‍ പൊലിസ് കുഴയുകയായിരുന്നു. യുവതി തന്‍റെ സുഹൃത്താണെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിന്‍റെ പേരിലാണ് ബലാല്‍സംഗ പരാതി നല്‍കിയതെന്നും യുവാവ് പറഞ്ഞു. 

പീഡന പരാതിക്കാരിയുടെ മൊഴിയെടുപ്പിനിടെ യുവാവ് യുവതിക്ക് അപരിചിതനല്ല, സുഹൃത്ത് തന്നെയാണെന്ന് പൊലീസിന് വ്യക്തമായി. ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും. യുവതിയുടെ വീട്ടില്‍ വച്ചുതന്നെ ഇവര്‍ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന ദിവസവും ഇരുവരും കാണാന്‍ തീരുമാനിച്ചിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. 

പൊലീസിന് നല്‍കിയ പരാതിയില്‍ താന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി യുവതി പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന ദിവസം താന്‍ ലൈംഗിക ബന്ധത്തിന് തയ്യാറായിരുന്നില്ലെന്നും സുഹൃത്തായ യുവാവ് നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇതിന്‍റെ ദേഷ്യത്തിലാണ് താന്‍ പരാതി നല്‍കിയതെന്നും പറഞ്ഞതായി പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു എന്നാല്‍ ഈ ആരോപണത്തിലും പൊലീസിന് സംശയമുണ്ട്. അക്രമി എന്തോ ഒരു വസ്തു തന്‍റെ മുഖത്തേക്ക് സ്പ്രേ ചെയ്തുവെന്നും പിന്നാലെ താന്‍ ബോധരഹിതയായി എന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ഇരുവരുടെയും ചാറ്റ് പരിശോധിച്ച പൊലീസിന് ഇവര്‍ മുന്‍കൂട്ടി കാണാന്‍ തീരുമാനിച്ചിരുന്നെന്ന് വ്യക്തമായി. 

 പീഡനത്തിനു ശേഷം ബോധരഹിതയായി കിടന്ന തന്‍റെ മൊബൈല്‍ ഫോണ്‍ എടുത്ത് തനിക്കൊപ്പം ഒരു സെല്‍ഫിയെടുത്തശേഷം ‘ഞാന്‍ വീണ്ടും വരും’ എന്ന് എഴുതിവച്ചിട്ടാണ് അയാള്‍ പോയതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് യുവതി തന്നെയാണ് സെല്‍ഫിയെടുത്തതെന്നും അത് എഡിറ്റ് ചെയ്യുകയും പ്രതിയുടേതെന്ന ഭീഷണി സന്ദേശം സ്വയം എഴുതുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ യുവാവിന്‍റെ കുടുംബവും യുവതിയുടെ കുടുംബവും പരസ്പരം അറിയുന്നവരാണെന്നും യുവാവ് സ്ഥിരമായി യുവതിയുടെ വീട്ടിലേക്ക് ഡെലിവറികള്‍ എത്തിക്കാറുണ്ടായിരുന്നു. കുടുംബം വീട്ടിൽ ഇല്ലാത്തപ്പോള്‍ യുവതിയെ കാണാന്‍ അവിടെ വരികയും ചെയ്യാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ENGLISH SUMMARY:

Pune police have found that a woman's complaint of sexual assault by a delivery agent was false. The investigation revealed that the accused delivery agent was, in fact, a friend of the woman. Initially, the police arrested the man based on the woman's complaint that he forcibly entered her flat and assaulted her. However, the man later filed a counter-complaint, stating that the woman was his friend and had filed the rape complaint out of anger. Police found evidence, including chat records, indicating that the two had a pre-arranged meeting and that the woman herself took a selfie with the man and fabricated the threatening message. It was also revealed that both families knew each other and the man frequently visited her home for deliveries, even when her family wasn't present.