കൊച്ചി നഗരത്തിലെ ഭക്ഷണശാലയിലെത്തിയ യുവതിയെയും കൂട്ടുകാരെയും എട്ട് പേരടങ്ങിയ സംഘം ആക്രമിച്ചു. കലൂർ കൈപ്പള്ളി ലെയ്നില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ചായക്കടയിൽ എത്തിയ കൊല്ലം സ്വദേശിനിയെയും കൂട്ടുകാരെയുമാണ് എട്ടംഗസംഘം ആക്രമിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്നവരെ അടിക്കുകയുമായിരുന്നു.
ഭക്ഷണശാലയിലില് നിന്ന് ഓടിയ യുവതിയെ പിന്തുടർന്ന എട്ടംഗ സംഘം, താമസസ്ഥലത്ത് അതിക്രമിച്ച് കയറി ബൈക്കുകള്‍ തകർത്തു. സംഭവത്തിൽ വിഷ്ണുവെന്ന യുവാവ് ഉൾപ്പെടെ മൂന്നു പേര് അറസ്റ്റിലായി. ഫോൺ നമ്പർ ചോദിച്ചിട്ടും കൊടുക്കാത്തത് കൊണ്ടാണ് യുവതിയുടെ കൈയിൽ വിഷ്ണു കടന്നു പിടിച്ചതെന്ന് പൊലീസ് പറയുന്നു.
സുഹൃത്തുക്കൾ ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെയും സുഹൃത്തുക്കളെയും അസഭ്യം പറഞ്ഞ വിഷ്ണു കൂട്ടുകാരെ വിളിച്ചു വരുത്തിയാണ് ആക്രമിച്ചത്. തടിക്കഷണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതികള്‍ ബൈക്കുകള്‍ തകര്‍ത്തത്. സി.സി ടിവി നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കതൃക്കടവിലെ ബാറിൽ യുവതിക്കു നേരെ ആക്രമണമുണ്ടായി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അടുത്ത ആക്രമണം.