പതിനാറുകാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി, ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ.പി. ഹാഷിം (22) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. സ്നാപ് ചാറ്റിലൂടെയാണ് പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായത്. കഴിഞ്ഞമാസം 24ന് പെൺകുട്ടിയുടെ വീടിന് സമീപത്ത് റോഡിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയിരുന്നു. തുടർന്ന് 30ന് രാവിലെ ഒമ്പത് മണിയോടെ ഇടകടത്തി മന്ദിരം പടിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയി.
30-ാം തീയതി രാവിലെ വീട്ടിൽ നിന്നുപോയ പെൺകുട്ടി സ്‌കൂളിൽ എത്തിയില്ല. ഇതറിഞ്ഞ പിതാവ് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുട്ടി പാമ്പാടിക്കുള്ള ബസിൽ കയറിയെന്ന നിർണായക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ബസിൽ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.
4 മാസമായി സ്നാപ് ചാറ്റിലൂടെ ഹാഷിമുമായി ചാറ്റിങ് നടത്തുന്നുണ്ടെന്ന് മൊബൈൽ പരിശോധിച്ചപ്പോൾ വ്യക്തമായി. പെൺകുട്ടിയുമായി വയനാട്ടിലേക്ക് കടക്കാനായിരുന്നു പ്ലാനെന്നാണ് പൊലീസിനോട് യുവാവ് പറഞ്ഞത്.
കഴിഞ്ഞ ഒരു വർഷമായി വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അരയൻപാറയിലെ വീട്ടിൽ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് പ്രതി. ഇയാൾ മണിമലയിലുള്ള കോഴിക്കടയിലാണ് ജോലി ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.