പത്തനംതിട്ടയില്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ചതില്‍ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി.
അനാഥാലയവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്. കല്യാണം കഴിഞ്ഞ് എട്ടാംമാസം പ്രസവിച്ചത് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ ആണെന്ന വിവരം ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി വിഷയം പരിശോധിച്ചത്. പ്രസവം കൈകാര്യം ചെയ്ത ഡോക്റുടെ മൊഴി എടുത്ത ശേഷമാണ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, അനാഥമന്ദിരം നടത്തുന്നയാളുടെ മകനുമായി വിവാഹത്തിന് മുൻപ് തന്നെ ബന്ധപ്പെട്ടിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ നവംബറിൽ പ്രായപൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. അതുകഴിഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹം. പ്രായപൂര്‍ത്തിയാകും മുന്‍പ് അന്തേവാസി ഗര്‍ഭിണിയായെന്ന പരാതിലാണ് മൊഴി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ പോലീസ് എഫ്ഐആറിൽ പ്രതികളെ ചേർക്കൂ
പ്രായപൂർത്തിയാകും മുൻപ് ബന്ധം ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞതോടെ ഡോക്ടറുടെ മൊഴിയെടുത്താണ് പൊലീസ് കേസ് എടുത്തത്. വിവാഹത്തിന്റെ ഏഴാം മാസം പ്രസവിച്ചെന്ന വിഡിയോ അവർ തന്നെ പ്രചരിപ്പിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് പരാതികൾ എത്തിയത്. ഏഴാം മാസം എങ്കിലും പ്രസവിച്ചത് പൂർണ്ണ വളർച്ച എത്തിയ കുട്ടിയെ എന്നായിരുന്നു പരാതികൾ. ഇതോടെയാണ് ചൈൽഡ് ലൈൻ വിഷയം പരിശോധിച്ചു പോലീസിന് റിപ്പോർട്ട് നൽകിയത്. പെൺകുട്ടി പറയുന്ന തീയതിക്ക് മുൻപ് ഗർഭിണി ആയിട്ടുണ്ടാകും എന്നാണ് ഡോക്ടറുടെ മൊഴി. ഇതോടെയാണ് പൊലീസ് ആരെയും പ്രതി ചേർക്കാതെ കേസെടുത്തത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം നടത്തിപ്പുകാരടക്കം പ്രതി ആയേക്കും.
സ്ഥാപനത്തിൽ വേറെയും പെൺകുട്ടികൾ അന്തേവാസികൾ ആയി ഉണ്ട്. വിവാഹത്തിനുമുൻപ് തന്നെ നടത്തുന്ന ആളുടെ മകൻ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് സുരക്ഷ വീഴ്ച എന്ന് പരാതി ഉയർന്നിട്ടുണ്ട്. എങ്ങനെയാണ് യുവാവിന് പെൺകുട്ടികളുമായി ഇടപെടാൻ അവസരം ഉണ്ടായതെന്ന് അന്വേഷണം ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ടവർ തന്നെ വൈറലാകാൻ പ്രചരിപ്പിച്ച വീഡിയോകൾ പ്രധാന തെളിവാകും.