ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന 46കാരനെ പൊലീസ് സംഭവം നടന്ന വീട്ടില്‍ നിന്നുതന്നെ പിടികൂടി. 39കാരിയായ പവിത നിത്യ സെൽവിയുടെ കൊലപാതകത്തില്‍, കരിങ്കൽ കാട്ടുവിള സ്വദേശി ഡാർവിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും ഏഴും രണ്ടും വയസുള്ള കുട്ടികളുണ്ട്. നാഗർകോവിലിനടുത്തുള്ള കരിങ്കലിലാണ് സംഭവം.
ശനിയാഴ്ച രാവിലെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഡാർവിനും ഭാര്യ പവിതയുമായി വഴക്കുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഡാർവിന്‍ പവിതയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം അമ്പരന്ന് പോയ പ്രതി എന്തുചെയ്യണമെന്നറിയാതെ 12 മണിക്കൂർ ഭാര്യയുടെ മൃതദേഹത്തിന് കാവലുമിരുന്നു.
രാത്രി ആയിട്ടും പവിതയെ വീട്ടിന് പുറത്ത് കാണാതായതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ കരിങ്കൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹത്തിന് അരികില്‍ ഇരിക്കുന്ന ഡാര്‍വിനെ കാണുന്നത്. പൊലീസ് കാര്യങ്ങള്‍ ചോദിച്ചതോടെ അല്ലാം അയാള്‍ വിശദീകരിച്ചു. ഡാർവിനെ ഉടൻതന്നെ അറസ്റ്റ് ചെയ്തു.
മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പവിതയ്ക്ക് മാനസിക രോഗമുള്ളതുകൊണ്ട് ഡാർവിൻ നിരന്തരം മദ്യപിച്ചിരുന്നുവെന്നും, വഴക്കുണ്ടാകുന്നത് ഇതാദ്യമായല്ലെന്നുമാണ് അയൽക്കാർ പൊലീസിനോട് പറഞ്ഞത്.