ഡിവൈഎസ്‌പി മധു ബാബു

പത്തനംതിട്ട കരിക്കിനേത്ത് കൊലക്കേസിലെ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ നടപടി നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ മധുബാബു. റൗഡി ലിസ്റ്റില്‍പ്പെട്ട അഭിഭാഷകനെ പത്തനംതിട്ട എസ്പി പ്രോസിക്യൂട്ടറായി ശുപാര്‍ശ ചെയ്തു എന്ന് ഇപ്പോഴത്തെ ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മധുബാബു പത്തനംതിട്ട സി.ഐ.ആയിരിക്കെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് തന്നെ കള്ളക്കേസുകളില്‍ കുടുക്കിയതാണെന്ന് അഭിഭാഷകനായ പ്രശാന്ത് വി കുറുപ്പ് പറഞ്ഞു.

പത്തനംതിട്ടയില്‍2013ല്‍ കരിക്കിനേത്ത് തുണിക്കടയിലെ ജീവനക്കാരന്‍ ബിജു കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്‍റെ ആവശ്യപ്രകാരം പ്രശാന്ത് വി കുറുപ്പിനെ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി നിയമനം അംഗീകരിച്ചു.ഇതോടെയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ആലപ്പുഴ ഡിവൈഎസ്പിയുമായ മധുബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 

പതിനഞ്ച് കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ പ്രശാന്തിനെ എസ്പി ശുപാര്‍ശ ചെയ്തു എന്നാണ് പരാതി.പത്തനംതിട്ട എസ്പിയുമായി 16വര്‍ഷമായി വിരോധമുണ്ടെന്നും മധുബാബു പരാതിയില്‍ പറയുന്നു.മധുബാബു പത്തനംതിട്ട സിഐ ആയിരുന്ന കാലത്ത് തന്‍റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ട് രണ്ടുമാസത്തിനുള്ളില്‍ പത്തിലധികം കേസുകളില്‍ കുടുക്കിയതാണ് എന്ന് അഭിഭാഷകനായ പ്രശാന്ത് പറഞ്ഞു

2013ല്‍ കരിക്കിനേത്ത് കൊലപാതകം നടക്കുമ്പോള്‍ മധുബാബുവായിരുന്നു പത്തനംതിട്ട സിഐ.കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തി വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.മധുബാബുവിന്‍റെ മൂന്ന് വാര്‍ഷിക വേതന വര്‍ധനവ് തടഞ്ഞിരുന്നു.കേസിലെ അട്ടിമറി ഹൈക്കോടതിയും ശരിവച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.കസ്റ്റഡി മര്‍ദനക്കേസുകളില്‍ അടക്കം നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് മധുബാബു.

ENGLISH SUMMARY:

DYSP Madhubabu has filed a complaint with the Chief Minister against Pathanamthitta SP for recommending a lawyer, listed in multiple criminal cases, as prosecutor in the Karikkinneth murder case. The dispute revives old allegations of misconduct and rivalry between the officer and the advocate.