പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍, ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുനൽകുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയാണ് (48) അറസ്റ്റിലായത്.
കൃഷി ആനുകൂല്യം ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പരാതിക്കാരൻ വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടത്. പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്തുവിന്റെ വിവരങ്ങൾ നൽകാനാണ് ആദ്യം പറഞ്ഞത്. തുടർന്ന് പഴയ നമ്പർ അയച്ച് കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ ഇടണമെന്ന് പറയുകയായിരുന്നു.
ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് പ്രീത കുരുങ്ങിയത്. ആദ്യം വില്ലേജ് ഓഫീസിലേക്ക് ഫോണിൽ വിളിച്ചപ്പോൾ, തിരക്കാണെന്നും പിന്നീട് വിളിക്കാനും പ്രീത ആവശ്യപ്പെട്ടു. ജയകൃഷ്ണൻ അടുത്തദിവസം വിളിച്ചപ്പോൾ വാട്സാപ് നമ്പർ നൽകി.
വാട്സാപ്പ് വഴി ഗൂഗിൾ പേ നമ്പർ അയച്ച ശേഷം 1000 രൂപ ഇടാനായിരുന്നു നിര്‍ദേശം. വിജിലൻസിനെ വിവരം അറിയിച്ചശേഷമാണ് ഗൂഗിൾപേ വഴി പരാതിക്കാരൻ പണം അയച്ചത്. കഴിഞ്ഞ ദിവസമാണ് പ്രീതയെ പിടികൂടിയത്. വിജിലൻസിന്റെ കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രീത.