കാസർകോട് പുതുതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ വിദ്യാർഥികളെ സ്വീകരിക്കാൻ ഭീഷണി കാർഡുമായി പ്ലസ് ടു വിദ്യാർത്ഥികൾ. തളങ്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് മിഠായിക്കൊപ്പം നൽകാൻ ഭീഷണി കാർഡുകൾ തയ്യാറാക്കിയത്. 'ഇനി നമ്മൾ പറയും നീയൊക്കെ കേൾക്കും' എന്നാണ് കാർഡിലെ സന്ദേശം.
ഷൂസ്, പ്രണയം, മൊബൈൽ ഫോൺ, ഇരുചക്ര വാഹനം, പുകവലി എന്നിവ പാടില്ലെന്നും കാർഡിൽ പറയുന്നു. പൊലീസ് പരിശോധനയിൽ സ്കൂളിന് സമീപത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് കാർഡുകൾ പിടിച്ചെടുത്തത്. 18 വയസ്സ് തികഞ്ഞ ലൈസൻസ് ഉള്ള ആളാണ് വാഹനം ഓടിച്ച് എന്നതിനാൽ, വിദ്യാർത്ഥികൾക്ക് കർശന താക്കീത് നൽകി വിട്ടയച്ചു. ജില്ലയിൽ നിരവധി റാഗിങ് പരാതികൾ ഉയർന്നു വരുന്നതിനിടെയാണ് ഭീഷണി കാർഡുകൾ കണ്ടെത്തിയത്.
കാസർകോട് മറ്റൊരു സ്കൂളിലും റാഗിങ് നടന്നതായി പരാതിയുണ്ട്. ഷൂസ് ധരിച്ചതിന് പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ഓടിച്ച ആദൂർ സ്കൂളിൽ മറ്റൊരു വിദ്യാർത്ഥിക്കും ആക്രമണം നേരിട്ടെന്നാണ് പരാതി. ഒരേ ദിവസമാണ് ആക്രമണം ഉണ്ടായെങ്കിലും വിദ്യാർത്ഥി ആരോടും പരാതി പറഞ്ഞിരുന്നില്ല. കഴുത്തുവേദന തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചതോടെയാണ് റാഗിംഗ് വിവരം പുറത്തായത്. ബട്ടൻ ധരിക്കാത്തതിന് 15 പേർ ആക്രമിച്ചന്നാണ് കുട്ടിയുടെ പരാതി. അന്നേദിവസം മൂന്നുതവണയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്.
വിദ്യാർത്ഥിയുടെ പരാതിയിൽ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ കയ്യൊടിച്ച പരാതിയിലെ പ്രതികളായ രണ്ട് പ്ലസ് ടു വിദ്യാർഥികളും ഇതിലുണ്ട്. അതിനിടെ മംഗൽപാടിയിൽ പെൺകുട്ടിയോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു. തലയിലും മുഖത്തും പരുക്കേറ്റ കുട്ടിയുടെ പരാതിയിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.