മകനെന്തെങ്കിലും മോശം സമയമാണെങ്കില്‍ അതുമാറട്ടേയെന്നു കരുതിയാണ് അമ്മ സിന്ധു രാവിലെ അരവിന്ദിനൊപ്പം ക്ഷേത്രദര്‍ശനം നടത്തിവന്നത്. വൈകിട്ട് അവനുകഴിക്കാനായി വീടിനോടു ചേര്‍ന്ന് വെച്ചുകെട്ടിയ ചായ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പുറകിലൂടെവന്ന് അവന്‍ അമ്മയുടെ കഴുത്തുനോക്കി വെട്ടി. തറയില്‍ വീണ അമ്മ അവിടെ തന്നെ ചോരവാര്‍ന്ന് മരിച്ചു. അയല്‍ക്കാരെ കാര്യങ്ങള്‍ അറിയിച്ച് അവന്‍ അതേ സ്ഥലത്ത് പൊലീസ് എത്തുംവരെ ഇരുന്നു. ഒരു വ്യക്തിയെ ലഹരി എത്രത്തോളം മോശം അവസ്ഥയിലേക്കെത്തിക്കും എന്നതിന്‍റെ നേര്‍സാക്ഷ്യമാണിത്.
കോട്ടയം പള്ളിക്കത്തോട്ടില്‍ ഇന്നലെ രാത്രിയാണ് ഇലംപളളി സ്വദേശിനി സിന്ധുവിനെ 25കാരനായ മകന്‍ അരവിന്ദ് വെട്ടിക്കൊലപ്പെടുത്തിയത്. പഠനകാലത്തു തന്നെ ലഹരി ഉപയോഗിച്ചു തുടങ്ങിയ അരവിന്ദിന് ബിഎ പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. 20 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ വീടുകളില്‍ പാത്രം കഴുകിയും കൂലിപ്പണിയെടുത്തും ലോട്ടറി വിറ്റുമാണ് സിന്ധു മകനെ വളര്‍ത്തിയതും പഠിപ്പിച്ചതും. അരവിന്ദ് അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു, മോശം കൂട്ടുകെട്ടാണ് അവനെ ഈ തരത്തിലാക്കിയതെന്നും ബന്ധുക്കള്‍ . പകല്‍ ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു,വീട്ടില്‍ സമാധാനത്തോടെയാണ് അമ്മയും മകനും നിന്നത്, വൈകിട്ട് വിളിച്ചപ്പോഴും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സിന്ധുവിന്‍റെ സഹോദരി ബിന്ദു പറഞ്ഞു.
ലഹരി കിട്ടാതെ വരുമ്പോള്‍ പണം ചോദിക്കും, അത് കിട്ടാതെ വന്നാല്‍ സിന്ധുവിനെ തെറി വിളിക്കും, ഇതൊന്നും നാട്ടുകാര്‍ കേള്‍ക്കാതിരിക്കാനായി സിന്ധു പെട്ടെന്ന് പണം നല്‍കുമെന്നും ബിന്ദു പറഞ്ഞു. കൊല ചെയ്യാനുണ്ടായ കാരണവും ലഹരിയുമായി ബന്ധപ്പെട്ടതാകാമെന്നും ബന്ധുക്കള്‍ പറഞ്ഞു.