എറണാകുളം മരടില്‍ പെൺസുഹൃത്തിന്റെ ആൾക്കാരെ ഭയന്ന് ചീറിപ്പാഞ്ഞു നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് സ്കൂട്ടർ യാത്രികനും കാൽനട യാത്രികയ്ക്കും പരുക്കേറ്റ സംഭവത്തില്‍ ട്വിസ്റ്റ്. മരട് തോമസ്പുരം ജംക്ഷനില്‍ നടന്ന അപകടം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് വധശ്രമക്കേസില്‍. മരടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനുമോന്‍റെ ബൈക്കാണ് ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ഷൈനുവിന്‍റെ ബൈക്ക് പാഞ്ഞുകയറി സ്കൂട്ടര്‍ യാത്രികനും കാല്‍നട യാത്രികയ്ക്കും പരുക്കേറ്റു. മഴയത്തുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയെങ്കിലും പിന്നീടായിരുന്നു ട്വിസ്റ്റ്.
അപകടസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഷൈനുമോന്‍ നേരെ എത്തിയത് മരട് പൊലീസ് സ്റ്റേഷനില്‍. ഇന്നോവ കാറില്‍ അഞ്ചംഗസംഘം തന്നെ വധിക്കാന്‍ പിന്തുടര്‍ന്നുവെന്നായിരുന്നു ഷൈനുവിന്‍റെ മൊഴി. ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി. കാറില്‍ നിന്നിറങ്ങിയ ആള്‍ ബൈക്കിന്‍റെ ഹാന്‍ഡിലില്‍ പിടിച്ചു നിര്‍ത്തിയെന്നും ഈ സമയം മറ്റൊരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഇതുകണ്ട് ഭയന്ന് ബൈക്ക് അമിതവേഗതയിലെടുത്ത് രക്ഷപ്പെട്ടുവെന്നും ഇതിനിടയിലാണ് അപകടം സംഭവിച്ചതെന്നുമാണ് ഷൈനുവിന്‍റെ മൊഴി. തന്‍റെ കൂടെ താമസിക്കുന്ന യുവതിയുടെ ബന്ധു മനുവും സംഘവുമാണ് തന്നെ വധിക്കാന്‍ എത്തിയതെന്നും ഷൈനു പൊലീസിനെ അറിയിച്ചു.
ഫ്ലാഷ്ബാക്ക്
നെയ്യാറ്റിന്‍കര സ്വദേശി ഷൈനുമോന്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് അക്രമിസംഘത്തിലെ അംഗമായ മനുവിന്‍റെ ബന്ധുവായ യുവതിയുമായി മരടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഷൈനുമോന്‍റെ സുഹൃത്തിന്‍റെ ഭാര്യയായിരുന്നു യുവതി. കഴിഞ്ഞ മാസം യുവതി കുടുംബത്തെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ഷൈനുമോനോടൊപ്പം ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് വധശ്രമത്തില്‍ എത്തിയത്. കാറിലെത്തിയ മനു യുവതിയുടെ സഹോദരി ഭര്‍ത്താവാണ്.
കൊച്ചി ടു നെയ്യാറ്റിന്‍കര
അപകടത്തിന് പിന്നാലെ ഷൈനുമോന്‍ പൊലീസ് സ്റ്റഷനില്‍ അഭയം തേടിയതോടെ മനുവും സംഘവും തിരുവനന്തപുരത്തേക്ക് മടങ്ങി. വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാറില്‍ ഉപയോഗിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റ്. പിന്നീട് സിസിടിവികളും മനുവിന്‍റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും മരട് പൊലീസിന്‍റെ അന്വേഷണം. മൊബൈല്‍ ട്രാക്ക് ചെയ്തതോടെ സംഘം കോട്ടയം വഴി തിരുവനന്തപുരം വെച്ചുപിടിച്ചതായി പൊലീസ് ഉറപ്പിച്ചു. മരട് സ്റ്റേഷനില്‍ നിന്ന് എസ്ഐയും സംഘവും തിരുവനന്തപുരത്തേക്ക്.
മിഡ്നൈറ്റ് ഓപ്പറേഷന്‍
രാത്രിയോടെ മരട് പൊലീസ് തിരുവനന്തപുരത്തെത്തി. കാറിലെത്തിയ അക്രമിസംഘത്തെ പലയിടങ്ങളില്‍ തിരഞ്ഞു. ഒടുവില്‍ ലൊക്കേഷന്‍ കാണിച്ചത് നെയ്യാറ്റിന്‍കരയില്‍. പൊലീസ് സ്ഥലതെത്തിയതോടെ മനുവും സംഘവും ചിതറിയോടി. പരിചയമില്ലാത്ത സ്ഥലത്ത് അക്രമികള്‍ക്ക് പിന്നാലെ മരട് പൊലീസിന്‍റെ അതിസാഹസിക പ്രയത്നം. ഒടുവില്‍ മനുവിനെ കയ്യില്‍കിട്ടി. ഓട്ടത്തിനിടയില്‍ വീണ് മനുവിന്‍റെ രണ്ട് കാലുകള്‍ക്കും പരുക്കേറ്റു. പൊലീസുകാര്‍ക്കും പരുക്കുണ്ട്. 24 മണിക്കൂര്‍ പിന്നിടും മുന്‍പ് വധശ്രമക്കേസിലെ മുഖ്യപ്രതിയെ മരട് പൊലീസ് പൊക്കി കോടതിയിലാക്കി. പരാതിക്കാരനായ ഷൈനുമോനും ചില്ലറക്കാരനല്ല. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ കെഡി ലിസ്റ്റിലടക്കം ഉള്‍പ്പെട്ടയാളാണ്.