ലഹരിമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വളര്‍ന്ന് പന്തലിക്കുന്ന ക്രിമിനല്‍ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍. ലഹരി വിതരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ വെളിപ്പെടുത്തലുകള്‍ എന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ കേന്ദ്രീകരിച്ചുള്ള ജോലി തട്ടിപ്പുകൾ, ബ്ലാക്ക് മെയിൽ, ഭൂമി കൈയേറ്റം എന്നിവയുൾപ്പെടെ ക്രിമിനല്‍ കേസുകളുടെ ചുരുളുകളാണ് അഴിയാനിരിക്കുന്നത്.
രക്ത സാമ്പിളിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതും മുൻ എ.ഐ.എ.ഡി.എം.കെ. പ്രവർത്തകന്റെ മൊഴിയുമാണ് തമിഴ് നടൻ ശ്രീകാന്തിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. നുങ്കമ്പാക്കത്തെ ഒരു പബ്ബിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ. ഐ.ടി. വിങ് പ്രവർത്തകനായിരുന്ന പ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിനെ ബന്ധിപ്പിക്കുന്ന ലഹരിയുടെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ശ്രീകാന്തിന് കൊക്കെയ്ൻ നല്‍കിയത് കേസില്‍ മുഖ്യപ്രതിയായ പ്രസാദാണ്. ശ്രീകാന്തിനെ കൂടാതെ തന്നെ മറ്റനവധിപേര്‍ക്ക് ഇയാള്‍ ലഹരി വിതരണം ചെയ്തതായും ലഹരി പാര്‍ട്ടികള്‍ നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ പ്രസാദിന്‍റെ ഏര്‍പ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഒന്നുമാത്രമാണ് ലഹരി വില്‍പന എന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ പ്രസാദ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 200 ലധികം പേരെ വഞ്ചിച്ചിട്ടുണ്ട്. ചെന്നൈ കോർപ്പറേഷൻ, റെയിൽവേ, ആദായനികുതി വകുപ്പ്, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഈ തൊഴില്‍ തട്ടിപ്പ് നടന്നിരുന്നത്. ഓരോ ഉദ്യോഗാർഥിയിൽ നിന്നും പ്രസാദ് രണ്ട് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ രണ്ട് സബ് ഇൻസ്പെക്ടർമാരുടെ സഹായത്തോടെ ആളുകളുടെ കോൾ, ലൊക്കേഷൻ രേഖകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ പ്രസാദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മധുരയിൽ നിന്നുള്ള ഒരു ഹെഡ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസാദിന്റെ കൂട്ടാളിയായ അജയ് വാണ്ടയ്യാറിനെതിരെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഭൂവുടമകളെ അജയ് ഭീഷണിപ്പെടുത്തിയതായും അനധികൃതമായി സ്വത്തുക്കൾ കൈക്കലാക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ‘എജെ ട്രസ്റ്റ് ആൻഡ് എന്റർപ്രൈസസ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ച് വരികയാണ്.
കേസില്‍ ഇതുവരെ ആരെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അഞ്ച് പേരെ ഗുണ്ടാ നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടന്‍ ശ്രീകാന്താകട്ടെ പ്രസാദിൽ നിന്ന് 40-ലേറെ തവണ ലഹരിമരുന്ന് വാങ്ങിയതായി റിപ്പോർട്ടുണ്ട്. ഗ്രാമിന് 12,000 രൂപ നിരക്കിലാണ് പ്രസാദ് ലഹരിമരുന്ന് വിറ്റിരുന്നത് എന്നാണ് വിവരം. നാലര ലക്ഷത്തോളം രൂപയുടെ ഗൂഗിൾ പേ ട്രാൻസാക്ഷനുകൾ ശ്രീകാന്ത് നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. ശ്രീകാന്തിന്‍റെ അറസ്റ്റിന് പിന്നാലെ സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ കൂടിയാണ് പൊലീസ്.