അച്ചൂസ് ഗോൾസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പെൺകുട്ടിയായി അഭിനയിച്ച് 48കാരനില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വെള്ളനാട് സ്വദേശി അരുണാണ് (21) അറസ്റ്റിലായത്. പൂവച്ചൽ ആലമുക്ക് സ്ദേശി ഷാജഹാനെയാണ് (48) അരുണ്‍ ഉള്‍പ്പടെയുള്ള മൂന്നുപേർ ചേർന്ന് കബളിപ്പിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി ഷാജഹാനില്‍ നിന്ന് പണം വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. പലതവണകളായി ഗൂഗിൾ പേ വഴി ഷാജഹാൻ അരുണിന് പണം അയച്ചിരുന്നു. പ്രതികൾ വീണ്ടും പണം ചോദിച്ചു. ഇത് നൽകാനാവില്ലെന്ന് ഷാജഹാന്‍ അറിയിച്ചതോടെ, അരുണ്‍ ഷാജഹാന്‍റെ ഭാര്യയെ ഫോൺ വിളിച്ചു.
തന്‍റെ സഹോദരിയെ ഷാജഹാന്‍ പീഡിപ്പിച്ചുവെന്നും നഷ്ടപരിഹാരമായി 60,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഷാജഹാന്‍റെ ഭാര്യ ബന്ധുക്കളെ വിവരം അറിയിച്ചു.
തുടര്‍ന്ന് പ്രതികളെ പണം തരാമെന്ന് വിശ്വസിപ്പിച്ച് ആലമുക്കിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. രണ്ട് പ്രതികൾ ജുവനൈലായതിൽ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കും.