ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ 24കാരിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. അയല്‍ക്കാര്‍ ഒന്നും അറിയാതിരിക്കാന്‍ വീട്ടിലെ ഓട ശരിയല്ലെന്ന് പറഞ്ഞ് പൊതുവഴിയില്‍ കുഴിയെടുത്ത് മൃതദേഹം മൂടി സിമന്റുകൊണ്ടുണ്ടാക്കിയ സ്ളാബിടുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
യുപി ഷിക്കോഹാബാദ് സ്വദേശിനിയായ തനുവാണ് കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹം പത്തടി ആഴമുള്ള കുഴിയിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഫരീദാബാദിലെ റോഷൻ നഗര്‍ സ്വദേശി അരുൺ, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ അടുത്ത ബന്ധു എന്നിവരെ പൊലീസ് പടികൂടി.
ഇവരുടെ വീടിനോട് ചേർന്നു പൊതുവഴിയിലെ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം കോൺക്രീറ്റും ചെയ്തു. രണ്ടുമാസം മുൻപ് ഓട നിർമാണത്തിന് പ്രദേശത്ത് കുഴികളെടുത്തിരുന്നു. അതാണ് ആര്‍ക്കും സംശയം തോന്നാതിരുന്നത്.
തനു ഭര്‍ത്താവില്‍ നിന്ന് മാനസിക-ശാരീരിക പീഡനം നേരിട്ടിരുന്നതായും, തനുവിനോട് ഫോണിൽ സംസാരിക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും സഹോദരി പ്രീതി ആരോപിക്കുന്നു. പണവും സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് ഇവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് മാസങ്ങൾക്കുശേഷം തനു സ്വന്തം വീട്ടിലേയ്ക്ക് വന്നു നിന്നിരുന്നു. ഒരുവർഷത്തോളം കഴിഞ്ഞാണ് പിണക്കം മറന്ന് അവള്‍ തിരികെ ഭർതൃവീട്ടിലേയ്ക്ക് പോയത്.
ത നു ഏപ്രിൽ 23ന് വീട്ടിൽ നിന്ന് ഒളിച്ചോടിയതായാണ് അരുണിന്റെ കുടുംബം എല്ലാവരോടും പറഞ്ഞിരുന്നത്. തനുവിനെ കാണാതായതോടെ കുടുംബം പൊലീസിൽ വിവരം അറിയിച്ചു. വീട്ടിലെ ഓട കംപ്ലയിന്‍റാണെന്ന് പറഞ്ഞ് അരുണിന്റെ പിതാവ് ഏപ്രിലിൽ കുഴിവെട്ടുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞതാണ് വലിത്തിരിവായത്.