തിരുവല്ലയില്‍ ബേക്കറിയില്‍ കയറിയ അഞ്ചംഗസംഘം മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു. എം.സി റോഡില്‍ തിരുമൂലപുരത്തുള്ള ബേക്കറി ആൻഡ് കഫേയിലാണ് ഷട്ടർ കുത്തിത്തുറന്ന് മോഷണം നടന്നത്. മഴക്കോട്ടും തൊപ്പിയും ധരിച്ചെത്തിയ സംഘമാണ് പണവുമായി മുങ്ങിയത്.
ഇന്നലെ രാവിലെ എട്ടരയോടെ ജീവനക്കാരൻ കട തുറക്കാനെത്തിയപ്പോഴാണ് പണം പോയ വിവരം അറിഞ്ഞത്. സ്ഥാപന ഉടമ പരാതി നല്‍കിയതനുസരിച്ച്, പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ പുലർച്ചെ 3.20നാണ് സംഭവം. ബേക്കറിക്കുള്ളിൽ കയറിയ മഴക്കോട്ടും തൊപ്പിയും ധരിച്ചവരുടെ ദൃശ്യം സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ബേക്കറിയുടെ എതിർവശത്ത് തട്ടുകട പ്രവർത്തിക്കുന്നുണ്ട്. മോഷണ സംഘം ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ് സമീപത്തെ വെള്ളക്കെട്ടിൽ ഉപേക്ഷതായും കണ്ടെത്തി. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.