കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയില്‍ എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്‍റെ നേതാവ് രതി. പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല പൊട്ടിച്ച കേസിലെ മുഖ്യപ്രതിയായ രതിയാണ് വില്‍പന രീതി പറഞ്ഞത്. കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പൊള്ളാച്ചിയില്‍ വില്‍ക്കും.
വില്‍ക്കുന്നത് രതിയുടെ ഭര്‍ത്താവ് ഇളയരാജയും സുഹൃത്ത് ശക്തിവേലും ചേര്‍ന്നാണ്. പാലക്കാട് ചിറ്റൂരിലാണ് രതി താമസം. പൊള്ളാച്ചിയില്‍ നിന്നുള്ള മോഷണ സംഘത്തെ നയിച്ച് എത്തുന്നത് ശ്രീലങ്കന്‍ തമിഴ് വംശജയായ രതിയാണ്. മാല പൊട്ടിച്ചാലുടന്‍ പല കൈകളിലൂടെ അതിവേഗം കൈമാറി പൊള്ളാച്ചിയില്‍ എത്തിക്കും. രതിയെ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
സംഘത്തിലെ ഉയരംകൂടിയ രതി, സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാൾ മാല മുറിക്കും, എന്നിട്ട് അത് അടുത്തയാളിന് കൈമാറും. അങ്ങനെ മൂന്നുപേരടങ്ങുന്ന സംഘമാണ് മിക്കയിടത്തും കവർച്ച നടത്തുന്നത്. കേരളത്തിലെ തിരക്കേറിയ ഉത്സവങ്ങളിലും ആരാധനാലയങ്ങളിലും ഈ രതിയും സംഘവും മോഷണം നടത്തിയിട്ടുണ്ട്.