പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ച ശേഷംപണം നല്‍കാതെ മുങ്ങിയ കാര്‍യാത്രക്കാരെ പിന്തുടർന്ന് പിടികൂടി പൊലീസ്. ഇന്നലെ രാത്രി പത്തനാപുരം ചെമ്മന്തൂരിലെ പമ്പിലായിരുന്നു സംഭവം.
പെട്രോൾ പമ്പിൽ കാർ നിർത്തിയ ശേഷം, 3000 രൂപയുടെ പെട്രോൾ അടിക്കാൻ ജീവനക്കാരിയായ ഷീബയോട് കാർ ഡ്രൈവർ ആവശ്യപ്പെട്ടു. പെട്രോളടിച്ചതിന് ശേഷം 3000 രൂപ വാങ്ങാനായി ഷീബ കാറിന്‍റെ അടുത്തേക്ക് എത്തി. അതോടെ കാർ തമിഴ്നാട് ഭാഗത്തേക്ക് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
ഷീബ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഷീബ സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തി കാര്യം ധരിപ്പിച്ചു. പൊലീസ് ഉടൻ തന്നെ കാറിനെ പിന്തുടർന്ന് യാത്രക്കാരെ പിടികൂടുകയായിരുന്നു.
പുനലൂർ ടി.ബി. ജംഗ്ഷനിൽ വെച്ചാണ് വാഹനത്തെയും അതിലെ യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പെട്രോൾ പമ്പിൽ തിരികെ എത്തിച്ച ശേഷം 3000 രൂപയും നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ പണം ഈടാക്കിയ ശേഷമാണ് യാത്രക്കാരെ വിട്ടത്.