ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയോട് പക മരുമകൾക്ക് അല്ല. മരുമകൾ ലിജിയുടെ സഹോദരി ലിവിയയ്ക്കായിരുന്നു ശത്രുത. അതിനൊരു കാരണമുണ്ട്. ബംഗ്ലൂരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് പഠിക്കുന്ന ലിവിയയ്ക്ക് എങ്ങനെ ഇത്രയും കാശെന്ന ചോദ്യം! വീട്ടിലേയ്ക്ക് ഫ്രിജും ഫർണീച്ചറും മറ്റു ഗൃഹോപകരണങ്ങളും ലിവിയ വാങ്ങിയിരുന്നു.
പഠിക്കുന്ന കാലത്ത് ഇത്രയും പണം വരാൻ കാരണം? ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ച് ഷീല സണ്ണി മകൻ സംഗീതിന് ശബ്ദസന്ദേശമിട്ടു. മകൻ ഇതു ഭാര്യയെ കേൾപ്പിച്ചു. കുടുംബ ഗ്രൂപ്പിൽ ശബ്ദസന്ദേശം പിന്നാലെ വന്നു. ഇതു കേട്ട ലിവിയയുടെ മനസ്സിൽ പക ജ്വലിച്ചു. ഷില സണ്ണിയെ എങ്ങനെ പാഠം പഠിപ്പിക്കും? ഈ ചിന്ത ഉരുതിരിഞ്ഞത് ലഹരിക്കേസിൽ കുടുക്കാമെന്ന ആശയമാണ്. ലിവിയയുടെ ഐഡിയ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശി നാരായണദാസുമായി പങ്കുവച്ചു.
ആഫ്രിക്കക്കാരന് പതിനായിരം രൂപ നൽകി രണ്ടു പായ്ക്കറ്റ് ലഹരി സ്റ്റാംപ് വാങ്ങി. പക്ഷേ, ഇത് ഒറിജിനൽ ആയിരുന്നില്ല . ആഫ്രിക്കക്കാരൻ ലഹരി സ്റ്റാംപിന്റെ കളർ പ്രിൻ്റൗട്ട് എടുത്തു നൽകി. ഇതാണ് ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും ലിവിയ വച്ചത്. നാരായണദാസ് ഇതിനു പിന്നാലെ ചാലക്കുടിയിലെ എക്സൈസ് ഇൻസ്പെക്റെ ഫോണിൽ അറിയിച്ചു. കേട്ടപാതി കേൾക്കാത്ത പാതി എക്സൈസ് ഇൻസ്പെക്ടർ ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറിൽ എത്തി കസ്റ്റഡിയിലെടുത്തു.
ലഹരി സ്റ്റാംപാണെന്ന ധാരണയിൽ അറസ്റ്റ് ചെയ്തു. ഷീലയെ ജയിലിലുമാക്കി. 72 ദിവസം ജയിലിൽ. രാസപരിശോധന ഫലം വന്നപ്പോൾ സ്റ്റാംപിൽ ലഹരിയില്ല. കള്ളക്കേസെന്ന് തെളിഞ്ഞു. ആരാണ് വിവരം നൽകിയത്? എക്സൈസ് ഇൻസ്പെക്ടർ ഉരുണ്ടു കളിച്ചെങ്കിലും എക്സൈസ് ക്രൈംബ്രാഞ്ച് ഇൻഫോർമറെ കണ്ടെത്തി, നാരായണദാസ്.
ഗൂഢാലോചന കുറ്റം വന്നതോടെ അന്വേഷണം പൊലീസിന് കൈമാറി. കേസന്വേഷണത്തിൽ കഴിവു തെളിയിച്ച ഡിവൈഎസ്പി: വി.കെ. രാജു കേസ് ഏറ്റെടുത്തു. നീണ്ട നിയമപോരാട്ടത്തിന് ശേഷം നാരായണ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലിവിയ വിദേശത്തേയ്ക്കു മുങ്ങി. പാസ്പോർട്ട് കണ്ടെടുക്കാൻ പൊലീസ് നീക്കം തുടങ്ങി. പാസ്പോർട്ട് കണ്ടെടുത്താൽ ദുബൈ പൊലീസ് വിലങ്ങണിയിച്ച് നാട്ടിലേയ്ക്ക് വിടും. ഇതൊഴിവാക്കാൻ ഇന്ത്യയിലേയ്ക്ക് വിമാനം കയറി.
ലുക്കൗട്ട് സർക്കുലർ ഉള്ളതിനാൽ പിടി വീഴുമെന്ന് ഉറപ്പായിരുന്നു. തിരക്കുള്ള മുംബൈ വിമാനത്താവളം തിരഞ്ഞെടുത്തു. വിമാനമിറങ്ങി. എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടിച്ചു. കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദിച്ചു. വിചിത്ര കഥകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ചോദ്യങ്ങൾക്ക് മുന്നിൽ പതറി. ഒറ്റബുദ്ധിയിൽ തോന്നിയ ആശയം പാളി. ഇനി ജയിലിലേയ്ക്ക് . പകയും വൈരാഗ്യവും മനുഷ്യനെ തകർക്കുമെന്ന പഴമൊഴി ലിവിയയ്ക്കും സംഭവിച്ചു.