ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ചശേഷം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈെഗികാതിക്രമത്തിന് ഇരയാക്കി ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം – കൊല്ലം അതിർത്തിയിലെ പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി പുലിക്കുഴി മുസ്ലീം പള്ളിക്ക് സമീപം താന്നിപൊയ്കയിൽ കൊച്ചുവീട്ടിൽ രാഹുലാണ് (22) അറസ്റ്റിലായത്.
രാഹുൽ നാലു മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ വർക്കലക്കാരിയായ പെൺകുട്ടിയെ പരിചയപ്പെടുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പത്താംക്ലാസ് വിദ്യാർഥിയെ വിശ്വസിപ്പിച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. യുവാവ് ആളില്ലാത്ത സമയം നോക്കി വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി പീഡിപ്പിച്ചുവെന്ന് വർക്കല പൊലീസ് പറഞ്ഞു.
രക്ഷിതാക്കൾ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ കൗൺസിലിംഗിന് വിധേയമാക്കിയത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. അപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാഹുലിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.