മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചിട്ട് കൊടുക്കാത്തതിന്‍റെ വൈരാ​ഗ്യത്തിൽ കമ്പും കല്ലും ഉപയോ​ഗിച്ച് 49കാരനെ ആക്രമിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. മണക്കയം ഈട്ടിമൂട്ടിൽ വീട്ടിൽ അനിയൻ കുഞ്ഞിനെ (49) മർദ്ദിച്ച കേസിൽ, മണക്കയം തടത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് കുമാറാണ് (36) അറസ്റ്റിലായത്.

ജൂൺ ആറിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അനിയൻ കുഞ്ഞും പ്രശാന്ത് കുമാറും അയൽവാസികളാണ്. മദ്യവുമായി വീട്ടിലെത്തിയപ്രശാന്ത് ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടു. അനിയൻ കുഞ്ഞ് ​ഗ്ലാസില്ലെന്ന് പറഞ്ഞതോടെ കേട്ടലറക്കുന്ന അസഭ്യ വർഷം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിലിരുന്ന് മദ്യപിക്കാൻ ശ്രമിച്ചു. ഇയാളോട് അവിടെനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ കയ്യാങ്കളിയായി.

കയ്യിൽ കിട്ടിയ കമ്പും കല്ലും കൊണ്ട് അനിയൻ കുഞ്ഞിനെ അടിച്ചവശനാക്കുകയായിരുന്നു. അനിയൻ കുഞ്ഞിന്‍റെ ഇടതു കൈവിരലുകൾക്കും മുതുകിനും പരുക്കേറ്റു. ബഹളം കേട്ടെത്തിയ ആളുകൾ ഇയാളെ അവിടെനിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അവിവാഹിതനാണ് അനിയൻകുഞ്ഞ്. ചേട്ടൻ ജോയ് വർഗീസിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് താമസിക്കുന്നത്. വിവരമറിഞ്ഞെത്തിയ ജോയ് വർഗീസാണ് അനിയൻകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഒടുവില്‍ പ്രശാന്തിന്‍റെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കി.

അതിനു ശേഷം വീണ്ടും ഇയാൾ അനിയൻ കുഞ്ഞിനെ മർദ്ദിച്ചു. ഇതെ തുടർന്ന് അനിയൻ കുഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തശേഷം പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനയ്ക്കും ചോദ്യം ചെയ്യലുകൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

Attempting to break into the house and get drunk, accused arrested