കോഴിക്കോട് മലാപ്പറമ്പ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി രണ്ട് പൊലീസുകാര്‍ക്ക് കൂടി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ കേസിന്റെ ഗൗരവമേറ്റുന്നതായിരുന്നു. പിടിയിലായ 3 നടത്തിപ്പുകാരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോള്‍ നടത്തിപ്പുകാർക്ക് പ്രതിദിനം ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നതും അറിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായതും പൊലീസുകാരുടെ പങ്ക് വ്യക്തമായതും.
5 വർഷം മുൻപാണ് നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നു പൊലീസ് പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തു.
തിരക്കുള്ള ആശുപത്രികൾക്കു സമീപം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ ആർക്കും സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. പൊലീസുകാരന്റെ സുഹൃത്തായ യുവാവും ഒപ്പം മറ്റൊരു പൊലീസുകാരനും ചേർന്നാണു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു. നടത്തിപ്പിനു നേരത്തെ പരിചയപ്പെട്ട യുവതിയുടെ സഹായം തേടി. രണ്ടര മാസം മുൻപാണു ബെംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. കോഴിക്കോട് നഗരത്തിൽ മസാജ് സെന്ററുകളും ആയുർവേദ സ്പാകളും സജീവമായ സാഹചര്യം മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന് അനുകൂലമായി.
അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോപണ വിധേയരായ പൊലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചു. പലപ്പോഴായി പൊലീസുകാർ ഇവിടെ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നി. ഇതിനിടയിൽ പൊലീസ് സേനയിൽ സംഭവം ചർച്ചയായതോടെ ചിലർ പൊലീസുകാരന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ നടക്കാവ് ഇൻസ്പെക്ടറും വനിത എസ്ഐയും ഇതിനെതിരെ കർശന നിലപാടെടുത്തു. ഇതിന് ഉയർന്ന ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടായി.
അവധി ദിവസത്തിൽ നടത്തിപ്പുകാരിയെ കാണാൻ പൊലീസുകാരൻ എത്തുമെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച പൊലീസ് അനാശാസ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. സമയം അൽപം തെറ്റുകയും പരിശോധനാ വിവരം ചേരുകയും ചെയ്തതോടെ പൊലീസുകാരൻ സ്ഥലത്ത് എത്താതെ മുങ്ങി. എന്നാൽ കേന്ദ്രത്തിൽ നടക്കാവ് പൊലീസ് കയറി. ഒപ്പം സ്ഥലത്തെ പൊതു പ്രവർത്തകനെയും സാക്ഷിയായി കൂട്ടി. കേന്ദ്രത്തിൽ നിന്നു പരിശോധനയിൽ പൊലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയതോടെ കൂടുതൽ തെളിവു ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ച യുവതികൾക്ക് ഇടപാടിന് എത്തുന്നവർ നൽകുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണെന്നും പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. എന്നാൽ ഈ പണം എവിടേക്കു കൈമാറുന്നു എന്ന അന്വേഷണത്തിലാണ് ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചത്. പ്രതിദിനം അര ലക്ഷം മുതൽ ഒരു ലക്ഷം വരെയാണ് വരുമാനം. ഇതിൽ ഒരു ഭാഗം പൊലീസിനും നടത്തിപ്പുകാർക്കും ലഭിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ വിദേശത്തുള്ള ആളുമായി ചേർന്നു നഗരത്തിലും റൂറൽ ജില്ലയിലും ഭൂമി വാങ്ങിയതായി വിവരം ലഭിച്ചു. മലാപ്പറമ്പിൽ അടുത്ത കാലത്തായി ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിയതും പൊലീസ് പരിശോധിച്ചു വരികയാണ്.