AI IMAGE
വിമാനത്തിൽ വച്ച് കവടിയാർ സ്വദേശി തന്നോട് മോശമായി പെരുമാറിയെന്നും, കയറിപ്പിടിച്ചെന്നും പരാതി പറഞ്ഞ യാത്രക്കാരി മണിക്കൂറുകൾക്കകം നിലപാട് മാറ്റി. വിമാനത്തിനുള്ളില്‍വച്ച് കശപിശയായതോടെ ആരോപണവിധേയനെ എയർലൈൻസ് അധികൃതർ വിമാനത്തിൽ നിന്നും ഓഫ് ലോഡ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അതിന് ശേഷം പരാതിക്കാരിയെ ബന്ധപ്പെട്ടപ്പോഴാണ് പരാതിയില്ലന്ന് പറഞ്ഞ് യാത്രക്കാരി ഒഴിഞ്ഞുമാറിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം വിമാനത്താവളത്തിൻ നിന്ന് ബാംഗ്ലൂരിലേക്ക് പോകാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരിയായ ബാംഗ്ലൂർ സ്വദേശിനിയാണ് വിമാനത്തിലെ യാത്രക്കാരനായ കവടിയാർ സ്വദേശി കയറി പിടിച്ചെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
സംഭവ സമയത്ത് തന്നെ യുവതി എയർ ഹോസ്റ്റസിനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് ഇത് എയർലൈൻസ് അധികൃതരെ അറിയിച്ചത്. എയർലൈൻസ് അധികൃതർ ഇയാളുടെ വിമാനയാത്ര തടയുകയും, വിമാനത്തിൽ നിന്നും ഇയാളെ ഓഫ് ലോഡ് ചെയ്ത് വലിയതുറ പൊലീസിന് കൈമാറുകയുമായിരുന്നു.
അതിനുശേഷം പരാതിക്കാരിയായ ബാംഗ്ലൂർ സ്വദേശിനിയെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ് പരാതി ഇല്ലെന്ന് പറഞ്ഞ് അവർ ഫോൺ വെച്ചത്. പിന്നീട് പൊലീസ് ഇയാൾക്കെതിരെ പെറ്റിക്കേസ് എടുത്ത് ജ്യാമത്തിൽ വിട്ടയക്കുകയായിരുന്നു.