ആരാധനാലയങ്ങളില്‍ കയറി കക്കുന്നത് പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ടാവിനെ കുടുക്കി പൊലീസ്. മധുര സ്വദേശി ശരവണപാണ്ഡ്യനാണ് (39) പെരുവന്താനം പൊലീസിന്‍റെ വലയിലായത്. തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മേയ് 29ന് രാത്രി പെരുവന്താനം ബോയ്സ് എസ്റ്റേറ്റിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുടർന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10000 രൂപാ വില വരുന്ന ഒരു ഗ്രാം സ്വർണത്താലിയും, കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 40000 രൂപയും അപഹരിച്ചിരുന്നു. ഇയാൾക്കെതിരെ 2009ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, പൊലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്.
തമിഴ്നാട് തഞ്ചാവൂർ തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. 2025 മെയ് മാസം പാമ്പനാർ, കോട്ടയം ജില്ലയിലെ രാമപുര, ജൂൺ മാസം എരുമേലി മുക്കൂട്ടുതറ , ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2019 ന് പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രത്തിൽ മ്രോഷണം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.