നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നുപറഞ്ഞ് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. 

റിജോ വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയെയാണ് വിവാഹശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്. യുവതിയുടെ വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഇതിനിടെ ജോലിക്കായി ഗൾഫിലേക്ക് പോയ റിജോ അവിടെ നിന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും, നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭർത്താവിനെ ഭീഷണിപ്പെടുത്തിയത്.

തുടർന്ന് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Nude Photo Blackmail: Man Arrested at Airport for Threatening Woman's Husband.