പോക്സോ കേസ് പ്രതിക്കായി പച്ച സ്‌കൂട്ടറിന്‍റെ തുമ്പ് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണം ഒടുവില്‍ ഫലം കണ്ടു. കൊച്ചി പനങ്ങാട് പത്തുവയസു വീതമുള്ള പെണ്‍കുഞ്ഞുങ്ങളെ മിഠായി നൽകി കടത്താന്‍ ശ്രമിച്ച കേസിൽ, മലപ്പുറം ചങ്ങരംകുളം സ്വദേശി സുധീഷിനെയാണ് (28) പൊലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. 5 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് സുധീഷനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പച്ച നിറത്തിലുള്ള സ്‌കൂട്ടറാണ് നിർണായക തുമ്പായത്. കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് പ്രതി വലയിലാക്കാന്‍ നോക്കിയത്. മാതാപിതാക്കൾ പറഞ്ഞിട്ടാണ് കൂട്ടിക്കൊണ്ടുവരാൻ വന്നതെന്ന് പറഞ്ഞ് ഇയാൾ കുട്ടികളെ വിശ്വസിപ്പിച്ച് മിഠായി നൽകി. പന്തികേട് മനസിലായതോടെ, ഇയാളുടെ ശ്രദ്ധ മാറിയ സമയം കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേ, ഇയാള്‍ നഗ്നതാപ്രദർശനം നടത്തിയെന്ന വിവരം ലഭിച്ചതോടെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജി അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് പനങ്ങാട് സി.ഐയുടെ നേതൃത്വത്തിലുള്ള ടീം നൂറിലധികം സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരു നിരീക്ഷണ ക്യാമറാ ദൃശ്യത്തില്‍ സുധീഷ് പച്ച സ്‌കൂട്ടറിൽ പോകുന്നത് കാണാനായി. എന്നാല്‍ വണ്ടി നമ്പർ വ്യക്തമല്ലാത്തത് തിരിച്ചടിയായി. അത് പച്ച നിറത്തിലുള്ള ടി.വി.എസ് എൻടോർഗ് സ്‌കൂട്ടറായിരുന്നു. അങ്ങനെ പൊലീസിന്‍റെ അന്വേഷണത്തില്‍, എറണാകുളം ജില്ലയില്‍ പച്ചനിറത്തിൽ ഇത്തരം 39 സ്‌കൂട്ടറുകളുണ്ടെന്ന് കണ്ടെത്തി. വണ്ടി ലിമിറ്റഡ് എഡിഷനായതിനാൽ കാര്യങ്ങൾ എളുപ്പമാണെന്നാണ് പൊലീസ് ആദ്യം വിചാരിച്ചത്.

എന്നാല്‍ വാഹനങ്ങളുടെ ഉടമകളെ നേരിൽ കണ്ടിട്ടും പ്രതിയിലേക്കുള്ള ഒരു സൂചനയും ആദ്യഘട്ടത്തില്‍ കിട്ടിയില്ല. അതോടെ ജില്ല വിട്ട് കേരളത്തിലെയാകെയുള്ള പച്ച നിറത്തിലെ ടി.വി.എസ് എൻടോർഗ് സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. 641 സ്‌കൂട്ടറുകളുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഈ അന്വേഷണത്തിനിടെയാണ് മറ്റൊരു നിർണായക വിവരം നാട്ടുകാരനിൽ നിന്ന് പൊലീസിന് അപ്രതീക്ഷിതമായി ലഭിച്ചത്. സ്‌കൂട്ടറിന്‍റെ നമ്പര്‍ കെ.എൽ 33 ൽ ആണ് തുടങ്ങുന്നതെന്ന് അയാള്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. ആ നിലയ്ക്ക് നടത്തിയ അന്വേഷണം ചെന്നുനിന്നത് പത്തനംതിട്ടയിലാണ്.

വണ്ടി പത്തനംതിട്ട സ്വദേശിനിയായ ട്രാൻസ് ജെന്ററിന്റേതാണെന്ന നിര്‍ണായക വിവരം കിട്ടി. വണ്ടി പത്തനംതിട്ട സ്വദേശിനിയിടേതാണെങ്കിലും, പ്രതി സുധീഷിന്റെ ഫോൺ നമ്പറായിരുന്നു സ്‌കൂട്ടർ രജിസ്‌ട്രേഷന് നൽകിയിരുന്നത്. അന്വേഷണത്തില്‍ പാലാരിവട്ടത്താണ് ഇരുവരും ഒന്നിച്ചുതാമസിക്കുന്നത് മനസിലായി. നേരെ അവിടെപ്പോയി വാടകവീട്ടിൽ നിന്ന് സുധീഷിനെ പിടികൂടി. ഇയാള്‍ മാലപൊട്ടിക്കൽ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പപ്പടം കടകളിൽ വിതരണം ചെയ്യുന്ന സെയിൽസ്മാനാണ് സുധീഷ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ ഒളിച്ച് കഴിയുകയായിരുന്നു അയാള്‍. തന്നിലേക്ക് പൊലീസിന് എത്താനുള്ള വഴി ആ സ്കൂട്ടറാണെന്ന് ബോധ്യമായതോടെ, സ്‌കൂട്ടർ വീടിനുള്ളിൽ ഒളിപ്പിച്ച് മുറിയടച്ച് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു സുധീഷ്. 

ENGLISH SUMMARY:

green scooter in cctv leads police to pocso case accused