വീട്ടില്‍ തനിച്ച് താമസിക്കുന്ന അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ നോക്കിയ വാളയാർ കേസിൽ പ്രതിയായ 24കാരൻ പിടിയില്‍. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ജാമ്യത്തിലിറങ്ങിയ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) വാളയാര്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
2017–ൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാളയാർ കേസിലെ അഞ്ചാം പ്രതിയാണിയാള്‍.
വാളയാർ ഇൻസ്പെക്ടർ എൻഎസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അരുൺ പ്രസാദിനെ അറസ്റ്റ് ചെയ്തത്. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയതോടെ സ്ത്രീ നിലവിളിച്ച് അയല്‍ക്കാരെ കൂട്ടി. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. ഉടനെ വാളയാര്‍ പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാളയാർ സംഭവം നടക്കുന്ന സമയം അരുൺ പ്രസാദിന് പ്രായപൂർത്തിയായിരുന്നില്ല. ആ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനമാണ് അരുൺ പ്രസാദിനെ അറസ്റ്റു ചെയ്യുന്നത്. ആ സമയം പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന അരുൺ ജാമ്യത്തിൽ ഇറങ്ങിയാണ് അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ നോക്കിയത്.