അയൽപക്കത്തെ വീട്ടിലെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് പറഞ്ഞ് 13കാരനെ അഞ്ച് പേരടങ്ങുന്ന സംഘം മർദ്ദിച്ചെന്ന് പരാതി. തിരുവനന്തപുരം പൗണ്ടുകുളത്ത് താമസിക്കുന്ന പതിമൂന്നുകാരനെ ആയുധം കൊണ്ട് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പൗണ്ടുകുളം സ്വദേശികളായ പൊന്നൻ, റോയ്, ബിന്ദു, സജീവ്, പ്രണവ് എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കുട്ടി കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയില്ലെന്നും, ആക്രമണം മുൻവൈരാഗ്യത്തിന്റെ പേരിലാണെന്നുമാണ് കുട്ടിയുടെ വീട്ടുകാരുടെ വിശദീകരണം.
ഇക്കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ വീടിന്റെ കോംപൗണ്ടിലുള്ള കുളിമുറിയിൽ എത്തിനോക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ കവിളിലും കഴുത്തിലും കാലിലും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തന്റെ കവിളിൽ ശക്തമായി അടിച്ചെന്നും, ചൂലിന്റെ ഇരുമ്പ് വടി കൊണ്ട് മർദിച്ചെന്നുമാണ് 13കാരൻ പറയുന്നത്. അസഭ്യം പറയൽ, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ, കൂട്ടം ചേർന്നുള്ള ആക്രമണം, പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.