പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 63കാരന് വിവിധ വകുപ്പുകളിലായി 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും വിധിച്ച് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴയടച്ചില്ലെങ്കിൽ 22 മാസം അധികകഠിന തടവും അനുഭവിക്കണം.
കാസർകോട് ചെങ്കള ഉക്കംപെട്ടി സ്വദേശി ഉക്കം പെട്ടി ഉസ്മാനാണ് ( 63) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു കടുത്ത ശിക്ഷ വിധിച്ചത്. 2021 ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാനസികക്ഷമത കുറവുള്ള കുട്ടിയെയാണ് ഇയാള്‍ പഴം പൊരിയും ചായയും നൽകാമെന്ന് പറഞ്ഞ്, ഓട്ടോറിക്ഷയിൽ കയറ്റി ചെർക്കള ബേവിഞ്ചയിലെ കാട്ടിൽ കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയത്.
കാസർകോട് വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലൊണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതും, കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിത സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സി. ഭാനുമതിയാണ്.