ആലപ്പുഴ അന്ധകാരനഴിയില്‍ മദ്യം നൽകാത്തതിന് അതിഥി തൊഴിലാളിക്ക് ക്രൂര മർദനം. സാരമായി പരിക്കേറ്റ ബംഗാൾ സ്വദേശി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പട്ടണക്കാട് പൊലീസ് കേസെടുത്തു.
അന്ധകാരനഴിയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ ഫലക്കട്ട സ്വദേശി ബിമൽ കുമാറിനാണ് മർദനമേറ്റത്. അന്ധകാരനഴിയ്ക്ക് സമീപമുള്ള വിദേശ മദ്യ വിൽപന ശാലയിൽ യുവാവ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പോയിരുന്നു. മദ്യവുമായി മടങ്ങുമ്പോൾ രണ്ടാളുകൾ മദ്യം നൽകണമെന്ന് ബിമൽ കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ മദ്യം നൽകാൻ തയാറായില്ല. ഈ സംഘവും മറ്റ് ഏതാനും പേരും രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ചൂടു വെളളം മുഖത്ത് ഒഴിച്ച ശേഷം മർദിച്ചെന്നാണ് പരാതി.
ബഹളം കേട്ട് സമീപവാസികളെത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. തലയ്ക്ക് സാരമായി പരുക്കേറ്റ ബിമൽകുമാർവണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.