Untitled design - 1

കാസർകോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗം മുൻ അസിസ്റ്റന്റ് ഡയറക്‌ടർ എം. അബ്ദു‌ൾ റഹ്മാന് 37 വർഷം കഠിനതടവ് വിധിച്ച് തലശ്ശേരി വിജിലൻസ് കോടതി. അഞ്ചുകേസുകളിലായാണ് 37 വർഷം തടവും, ഓരോ കേസിലും മൂന്നു ലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചത്. അബ്ദുൾറഹ്മാൻ പത്തുവർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്. 

കാസർകോട് ജില്ലയിലെ കർഷകരിൽ നിന്നും നേരിട്ട് കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്താന്‍ രൂപീകരിച്ച കാസർകോട് ജില്ലാ കാർഷിക ഉൽപ്പന്ന സംഭരണ വിതരണ സൊസൈറ്റിയുടെ സെക്രട്ടറിയായിരിക്കെയാണ് അബ്ദുൾ റഹ്മാൻ കേസിൽ കുടുങ്ങിയത്. 2004 - 2008 കാലയളവിലാണ് സൊസൈറ്റിയുടെ സെക്രട്ടറിയായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്‌ടറായിരുന്ന എം. അബ്ദുൾ റഹ്മാൻ ചുമതല വഹിച്ചത്.  ഈ സമയത്ത് സൊസൈറ്റിയുടെ ജോയിൻ്റ് അക്കൗണ്ടിൽ നിന്നും സൊസൈറ്റി ചെയർമാന്റെയും ട്രഷററുടെയും വ്യാജ ഒപ്പ് രേഖപ്പെടുത്തി 9,41,888 രൂപ സ്വന്തമാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തല്‍. 

കാസർകോട് വിജിലൻസ് യൂണിറ്റ് അന്വേഷിച്ച കേസിൽ ഡിവൈ.എസ്.പിയായിരുന്ന പി. രഘുറാമാണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്‌ജ് കെ. രാമകൃഷ്ണനാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 

ENGLISH SUMMARY:

Agriculture department official embezzled Rs 9,41,888 using forged signature; Court sentences him to 37 years in prison and fines him Rs 15 lakh