ഇ.ഡി ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിപ്പിച്ച് യുവാവില്‍ നിന്ന് പണം തട്ടിയ സംഘത്തിലെ പ്രധാനി പിടിയില്‍. ഇടക്കൊച്ചി പള്ളുരുത്തി മുല്ലോത്ത്കാട് വീട്ടിൽ അനന്തു കൃഷ്ണനെയാണ് (27) ആലുവ റൂറൽ പൊലീസ് പിടികൂടിയത്. കുന്നത്തുനാട് സ്വദേശിയില്‍ നിന്ന് 27 ലക്ഷം രൂപയാണ് സംഘം അടിച്ചെടുത്തത്.
ഇ.ഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന കുന്നത്തുനാട് സ്വദേശിയെ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്‍റെ പേരിലുള്ള കൊറിയർ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്നും, ഇതിൽ 400 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയെന്നുമാണ് തട്ടിപ്പുസംഘം പറഞ്ഞത്. പണം നൽകിയാല്‍ കേസിൽ നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം.
കേസില്‍ പെടുമെന്ന് പേടിച്ച കുന്നത്തുനാട് സ്വദേശി 27, 49, 898 രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് സെന്‍ഡ് ചെയ്തു. ഈ പണം അനന്തുകൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുസംഘം അയച്ചത്.
അങ്ങനെയാണ് അനന്തു കൃഷ്ണന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌കൈപ്പും മൊബൈൽഫോണും ഉപയോഗിച്ചാണ് സംഘം ആളുകളെ ബന്ധപ്പെടുന്നതെന്ന് പൊലീസ് പറയുന്നു.