എന്‍റെ കുഞ്ഞിനെ കൊന്നില്ലേ..ഇനി എന്നെയും കൊല്ലാനാണോ നിങ്ങള്‍ വന്നത്? മൂന്നരവയസുകാരിയെ കാണാതായി തിരച്ചില്‍ നടത്തുന്ന പുഴയോരത്തെത്തിയ അച്ഛനോട് കുഞ്ഞിന്‍റെ അമ്മ ചോദിച്ച ചോദ്യമാണിത്. ഈ ഒരൊറ്റ ചോദ്യത്തില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിറയുന്നുണ്ട്. പെറ്റമ്മ മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയതെന്തിനായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഒരു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ കൊലപാതകത്തിനു പിന്നാലെ പുറത്തുവരുന്ന പീഡനവിവരം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.
ഒന്നര വര്‍ഷത്തോളമായി വീടിന്‍റെ അകത്തളത്തില്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയായ കുഞ്ഞിനെ രക്ഷിക്കാനാണോ അമ്മ ഈ കടുംകൈ ചെയ്തത് എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. പുഴയോരത്ത് കുഞ്ഞിനായി തിരച്ചില്‍ നടത്തുന്നതിനിടെ അവിടെ എത്തിയ ഭര്‍ത്താവിനോട് യുവതി ഈ ചോദ്യം ചോദിച്ചതില്‍ പുറംലോകമറിയാത്ത കഥകളുണ്ടെന്നാണ് പൊലീസിന്‍റെയും നിഗമനം. അതിനിടെ ഭര്‍തൃവീട്ടില്‍ യുവതിയും പീഡനത്തിനിരയായെന്ന് കഴിഞ്ഞ ദിവസം മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. സ്വന്തം കുഞ്ഞനുഭവിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കാനാണോ അമ്മ ശ്രമിച്ചത് എന്ന സംശയമാണ് ഉയരുന്നത്.
ബന്ധുക്കളെ കണ്ടപ്പോള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമായില്ലേ എന്നൊരു ചോദ്യംകൂടി അമ്മ ചോദിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് കുഞ്ഞ് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്. പിന്നാലെ റൂറല്‍ എസ്പി ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അമ്മയെ ചോദ്യം ചെയ്തു. മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളെക്കുറിച്ച് അപ്പോള്‍ അമ്മ സൂചന നല്‍കി. അതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉറ്റബന്ധു പ്രതിസ്ഥാനത്തെത്തിയത്.
സ്വരചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്നാണ് യുവതി കുട്ടികളുമായി ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയത്. തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കുട്ടികള്‍ വളര്‍ന്നതും. ഇതിനിടെ യുവതിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. പിന്നീട് ഭര്‍തൃവീട്ടിലേക്ക് അവര്‍ മടങ്ങിയെങ്കിലും കാര്യങ്ങൾ അത്ര നന്നായല്ല മുന്നോട്ടു പോയത്. ഒടുവില്‍ അത് കുഞ്ഞിന്‍റെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.