ദലിത് യുവതിയെ വ്യാജ മോഷണക്കേസിൽ കുടുക്കി പീഡിപ്പിച്ച കേസില്‍ ജി ഡി ചാർജുണ്ടായിരുന്ന എസ്എസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. എസ്എസ്ഐ അമിതാധികാരപ്രയോഗം നടത്തിയെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. മോശം ഭാഷ ഉപയോഗിച്ചെന്നും കണ്ടെത്തി. ബിന്ദുവിനെതിരായ പരാതി കൈകാര്യം ചെയ്തതില്‍ മറ്റാര്‍ക്കും വീഴ്ചയില്ലന്ന നിലപാടിലാണ് പൊലീസ്.
Read Also: ബിന്ദു നേരിട്ടത് സംഭവിക്കാന്‍ പാടില്ലാത്തത്; പൊലീസിനു വീഴ്ച: മുഖ്യമന്ത്രി
അതേസമയം, മാലമോഷ്ടിച്ചുവെന്ന് കളളപരാതി നല്കിയ ഒാമന ഡാനിയേലിനെതിരെ കേസില്‍ കുടുക്കപ്പെട്ട ദലിത് യുവതി ബിന്ദു രംഗത്തെത്തി. മാല എങ്ങനെ നഷ്ടപ്പെട്ടെന്നും എവിടെ നിന്ന് കിട്ടിയെന്നും തനിക്കറിയണമെന്നും ബിന്ദു മനോരമ ന്യൂസിനോട് പറഞ്ഞു.
തന്നെ മാലക്കളളിയെന്ന് ആക്ഷേപിക്കാന്‍ കാരണമായ 20 മണിക്കൂര്‍ പീഢനങ്ങള്‍ക്ക് ഇടയാക്കിയ ആ മാല എങ്ങനെ നഷ്ടപ്പെട്ടെന്നും തിരിച്ചു കിട്ടിയെന്നും ചോദ്യമുന്നയിക്കുകയാണ് ബിന്ദു. വീട്ടുടമസ്ഥയുടെ കുടുംബത്തിനു നേരെയും ആരോപണമുന നീളുന്നു. അന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് പരാതി നല്കും.
അമ്മ അറസ്റ്റിലായ രാത്രി ഭയന്നും കരഞ്ഞും കഴിഞ്ഞ അനുഭവം പങ്കിട്ട മക്കള്‍ കുറ്റക്കാര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ ആരോപണം ശരിവച്ച് എ സ് ഐയ്ക്ക് പുറമെ രണ്ട് പൊലീസുകാര്‍ കൂടി കുററക്കാരാണെന്ന് കൻ്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ റിപ്പോര്‍ട്ട് നല്കി. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി ഉണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചന്ന് മാത്രമല്ല മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി.