Untitled design - 1

ഫെയ്സ്ബുക്കിലൂടെയും മെസഞ്ചര്‍ ഗ്രൂപ്പുകളിലൂടെയും പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുടെ ഉള്‍പ്പചെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റ്. തമിഴ്നാട് തിരുവണ്ണാമലയിലെ വിളപ്പക്കം പിള്ളേയ്യർ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന അജിത് കുമാറിനെയാണ് (28) പൊലീസ് പിടികൂടിയത്. ഇയാള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പെൺകുട്ടികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത് ‘കുമാർ സെൽവൻ’ എന്ന വ്യാജ അക്കൗണ്ടിലാണ്. 

ഈ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി അരുണിനെയാണ് (25) ആദ്യം പൊലീസ് പിടികൂടിയത്. ഏപ്രിൽ 25-നായിരുന്നു അരുണിന്‍റെ അറസ്റ്റ്. 

അരുണ്‍ ഫെയ്സ്ബുക്കിലെ 'കാത്തു' എന്ന പേരിലുള്ള ഗ്രൂപ്പിലും മെസഞ്ചറിലെ 'ശ്രീക്കുട്ടി' എന്ന ഗ്രൂപ്പിലുമാണ് പെണ്‍കുട്ടികളുടെ മോർഫ്‌ ചെയ്ത നഗ്ന ചിത്രങ്ങളിടുന്നത്. ഇയാള്‍ക്ക് പ്രമീള അഖിൽ എന്ന പേരിലും മറ്റൊരു എഫ്ബി അക്കൗണ്ടുണ്ട്. ഇതിലും സ്വന്തമായി മോർഫ്‌ ചെയ്‌ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഹരിപ്പാട് സ്വദേശിയായ എട്ട് പെൺകുട്ടികൾ നൽകിയ പരാതിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അജിത് കുമാര്‍ എഫ്ബി, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നു.  അരുണിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് അജിത് കുമാറിലേക്കും പൊലീസെത്തിയത്. 

ഇവര്‍ക്കെതിരെ പരാതിയുമായെത്തിയ പെണ്‍കുട്ടികളില്‍ 14 വയസ്സുകാരിയുമുണ്ട്. പോക്‌സോ വകുപ്പുപ്രകാരവും പ്രതിക്കെതിരേ കേസുണ്ട്. ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയുടെ വൈക്കം ശാഖയിലെ ജീവനക്കാരനായിരുന്നു ആദ്യം പിടിയിലായ അരുൺ. ഇയാളാണ് ഫെയ്സ്ബുക്ക്, വാട്‌സാപ്പ് എന്നിവയിൽനിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിക്കുന്നത്. ഇവ തമിഴ്നാട്ടിലെ അജിത് കുമാറിന് അയച്ചുകൊടുക്കും. അജിത്താണ് നഗ്നചിത്രങ്ങൾക്ക് സ്ത്രീകളുടെ മുഖംചേർത്ത് തനിക്കു കൈമാറുന്നതെന്നാണ് അരുണിന്റെ മൊഴി.